വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാര്‍ഥി ക്യാമ്ബില്‍ പലസ്തീൻകാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തെ അപലപിച്ച് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
രണ്ടുപതിറ്റാണ്ടിനിടെ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കത്തില്‍ 12 പലസ്തീൻകാര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരങ്ങള്‍ പലായനം ചെയ്തു. നിരവധി സ്കൂളുകള്‍ തകര്‍ക്കപ്പെട്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
പൗരര്‍ക്കെതിരെ നടക്കുന്ന എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നു. ഇത് ഇസ്രയേലിനും ബാധകമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാൻ ഇസ്രയേലിനും ബാധ്യതയുണ്ടെന്നായിരുന്നു മറുപടി. ‘അഭയാര്‍ഥി കേന്ദ്രത്തില്‍ ഇസ്രയേല്‍ സൈന്യം അമിത ബലപ്രയോഗം നടത്തി. അവിടെ നടത്തിയ വ്യോമാക്രമണത്തിന് ക്രമസമാധാനപാലനവുമായി ബന്ധമില്ല. അധിനിവേശം നടത്തിയവര്‍ എന്ന നിലയില്‍ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്രയേലിന്റെ ഉത്തരവാദിത്വമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതും അമിത ബലപ്രയോഗം നടത്തുന്നതും യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരും’–- ഗുട്ടെറസ് മുന്നറിയിപ്പ് നല്കി.
അപൂര്‍വമായാണ് ഗുട്ടെറസ് ഇസ്രയേലിനെ പരസ്യമായി വിമര്‍ശിക്കുന്നത്. ‘സംഘര്‍ഷം വര്‍ധിപ്പിക്കുക എന്നത് പ്രശ്നത്തിന് പരിഹാരമല്ല. ഇത് പ്രതിഷേധവും അക്രമങ്ങളും വര്‍ധിപ്പിക്കുകയേയുള്ളൂ. അര്‍ഥപൂര്‍ണമായ രാഷ്ട്രീയ പ്രക്രിയയിലൂടെ പലസ്തീൻ ജനതയുടെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കണം. ഇരുരാഷ്ട്ര നയമാണ് ഏക പരിഹാരം. അധിനിവേശം അവസാനിപ്പിക്കുക എന്നത് ഇസ്രയേലിന്റെ സുരക്ഷയ്ക്കുതന്നെ അനിവാര്യമാണ്’–- അദ്ദേഹം ഓര്‍മിപ്പിച്ചു. 1967ലാണ് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്ബ് തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുത്തത്.