ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമായ ‘ഉള്ളൊഴുക്കി’ ൻ്റെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ ഇടംപിടിച്ചിരിക്കുകയാണ്. സംവിധായകൻ ക്രിസ്റ്റോ ടോമി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഈ വർഷം ജൂണില്‍ തിയേറ്ററുകളിലെത്തിയ ചിത്രം വലിയ രീതിയിൽ ചർച്ചയുണ്ടാക്കിയിരുന്നു. ചിത്രത്തിലെ പർവതിയുടേയും ഉർവശിയുടേയും പ്രകടനങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമക്ക് ലഭിച്ചു. ഉർവശി മികച്ച നടിയായും അർജുൻ രാധാകൃഷ്ണന് ശബ്ദം നൽകിയ റോഷൻ മാത്യു മികച്ച ഡബ്ബിങ് ആർട്ടിസ്റ്റായും ജയദേവൻ ചക്കാടത്ത് മികച്ച ശബ്ദലേഖകനായും തിരഞ്ഞെടുക്കപ്പെട്ടു.