കീവ്> തെക്കൻ ഉക്രയ്ൻ മേഖലയിലെ റഷ്യൻ നിയന്ത്രണത്തിലുള്ള കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതായി വിവരങ്ങള്‍.
ഇരുരാജ്യത്തിലും ഇരുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെക്കൻഡില്‍ 30 ലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിപ്പര്‍ നദിയില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ തെക്കന്‍ ഖെര്‍സണ്‍ മേഖല മുങ്ങുന്നു. റഷ്യയുടെയും ഉക്രയ്ന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകുന്നുണ്ട്. ഇരു മേഖലയിലുമായി ഏകദേശം 42,000 ആളുകളെ ബാധിച്ചു.
നിപ്പറില് 1800 വീട് വെള്ളത്തിനടിയിലായെന്നും 1500ല്‍ അധികം ആളുകളെ പ്രദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചതായും ഖെര്‍സണ്‍ റീജണല്‍ മിലിട്ടറി അഡ്മിനിസ്ട്രേഷന്റെ തലവൻ പറഞ്ഞു. നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്നും ഏഴുപേരെ കാണാതായതായി നോവ കഖോവ്കയില് റഷ്യ നിയമിച്ച മേയര്‍ വ്ളാദിമിര്‍ ലിയോന്റേവും അറിയിച്ചു. പ്രദേശത്ത് ഇനിയും നൂറുകണക്കിനാളുകള്‍ കുടുങ്ങി. ആയിരക്കണക്കിന് വന്യമൃഗങ്ങള്‍ ചത്തു. ജലനിരപ്പുയരുന്ന പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കാൻ ഇരുരാജ്യങ്ങളും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് പൂര്‍ണമായും ഒലിച്ചുപോയിട്ടില്ല. എന്നാല്‍, അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ അണക്കെട്ടിന്റെ ഘടന വഷളാകാനും അധിക വെള്ളപ്പൊക്കത്തിന് കാരണമാകാനും സാധ്യതയുണ്ട്.
അണക്കെട്ടിന്റെ യന്ത്രസാമഗ്രികളില്നിന്നുള്ള എണ്ണ ചോര്‍ച്ചമൂലം മലിനമായ ജലത്തില്‍നിന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടായേക്കും. സപൊറിഷ്യ ആണവനിലയത്തിലെ ആറ് റിയാക്ടര്‍ മാസങ്ങളായി അടച്ചുപൂട്ടിയതിനാല്‍ ഉടൻ അപകടസാധ്യതയില്ലെന്ന് അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി ഏജൻസി (ഐഎഇഎ) പറഞ്ഞു.അതേസമയം ഉക്രയ്ന്റെ മറ്റു മേഖലകളില്‍ ഉക്രയ്ന്,റഷ്യന്‍ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബഖ്മുക്ത് നഗരം ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഉക്രയ്ന് സൈനികനീക്കം ശക്തമാക്കിയിരിക്കുന്നത്.അണക്കെട്ടിന്റെ തകര്‍ച്ച ഉക്രയ്നിലെ പല പ്രദേശത്തും കുടിവെള്ളം ലഭിക്കാത്തതിനു കാരണമായി. നിപ്രോ, ഖെര്‍സണ്‍, സപൊറിഷ്യ എന്നീ പ്രദേശങ്ങളിലേക്കുള്ള 31 കുടിവെള്ള പദ്ധതികളാണ് അണക്കെട്ടില്‍ ഉണ്ടായിരുന്നത്. അണക്കെട്ട് തകര്‍ന്നത് ഉക്രയ്നിലെ കൃഷിഭൂമികളെയും ബാധിക്കും. രാജ്യത്തെ അഞ്ചുലക്ഷം ഹെക്ടര്‍ പ്രദേശം മരുഭൂമിയായി മാറിയേക്കാം എന്നാണ് ഉക്രയ്ൻ കാര്‍ഷിക മന്ത്രാലയം പുറത്തുവിടുന്ന വിവരങ്ങള്‍.