യു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പേരില്‍ പല പുതിയ നിയമങ്ങള്‍ക്കും ഋഷി സുനക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
വിദ്യാര്‍ഥി വിസയില്‍ രാജ്യത്തെത്തിയവര്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയിലേക്ക് മാറുന്നത് തടയുന്ന നിയമം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് യു.കെ സര്‍ക്കാരിന്റെ നടപടി വലിയ ആശങ്കയാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന നിയന്ത്രണത്തിനെതിരെ യു.കെയില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഒരുകൂട്ടര്‍.
ജൂലൈ 17 മുതല്‍ നടപ്പില്‍ വരുത്തിയ നിയമത്തിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാന്‍ പെറ്റീഷന് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനായി ജനകീയ ഒപ്പ് ശേഖരണവും ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ വിദ്യാര്‍ത്ഥി വിസയില്‍ യു.കെയിലെത്തിയവര്ക്ക് നിയന്ത്രണത്തില്‍ ഇളവ് കൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അടുത്ത വര്‍ഷം മുതല്‍ മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്.
നിലവില്‍ യു.കെയിലുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിയപ്പോള്‍ അവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ അനുവാദമുണ്ടായിരുന്നെന്നും അതിനാല്‍ ഇപ്പോഴുള്ളവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യമുയരുന്നത്. പരാതിയില്‍ ഇതിനോടകം തന്നെ 11351 ആളുകള്‍ പെറ്റീഷനില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഒരുലക്ഷം ഒപ്പുകള്‍ തികഞ്ഞാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരും. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായാല്‍ നിയമത്തില്‍ ഇളവ് വരാനാണ് സാധ്യതയുള്ളത്. 2024 ജനുവരി 20 വരെയാണ് പെറ്റീഷനില്‍ ഒപ്പുവെക്കാനുള്ള കാലാവധി.
വിദ്യാര്‍ഥി വിസയില്‍ യു.കെയിലെത്തി പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയെടുത്ത് ജോലിക്ക് കയറുന്ന പ്രവണത വ്യാപകമായിരുന്നു. ഇതോടെ യു.കെയിലേക്കുള്ള കുടിയേറ്റം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുതിച്ചുയര്‍ന്നിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഗവണ്മെന്റ് ഇടപെടാന്‍ തീരുമാനിച്ചത്.
കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നത് തെരഞ്ഞെടുപ്പ് സമയത്ത് ഋഷി സുനക് ഗവണ്മെന്റിന്റെ പ്രധാന വാഗ്ദാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് അധികാരത്തിലെത്തിയതിന് ശേഷം പുതിയ നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് പ്രകാരം ഇനിമുതല്‍ യു.കെയില്‍ സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ല. ഇതോടെ തൊഴില്‍ വിസയിലേക്ക് മാറാം എന്ന് കരുതി യു.കെയില്‍ പഠനത്തിനായി പോയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പഠനം കഴിഞ്ഞ ഉടനെതന്നെ ഇന്ത്യയിലേക്ക് മടങ്ങണമെന്നാണ് വ്യവസ്ഥ. ഇത് വലിയ പ്രതിസന്ധിക്ക് കാരണമായിരുന്നു.
പെറ്റീഷനില്‍ ഒപ്പുവെക്കാന്‍ https://petition.parliament.uk/petitions/641313 എന്ന ലിങ്ക് സന്ദര്‍ശിക്കുക.