ലണ്ടൻ: ഇംഗ്ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരെ ശക്തമായ നടപടികളുമായി പൊലീസ്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേർക്ക് ജയില്‍ ശിക്ഷ വിധിച്ചു.
വംശീയ അധിക്ഷേപം, പൊലീസ് വാഹനം തീവയ്പ്, പൊലീസിന് നേരെ ആക്രമണം തുടങ്ങിയ വിവിധ കുറ്റങ്ങളില്‍ 5 മാസം, 20 മാസം, 3 വർഷം എന്നിങ്ങനെയാണ് ശിക്ഷ.
നൂറിലേറെ പ്രതിഷേധ പരിപാടികള്‍ക്ക് തീവ്ര വലതുപക്ഷ സംഘടനകള്‍ ആഹ്വാനം നല്കിയ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പൊലീസുകാരെ ഇന്നലെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. പ്രതിഷേധങ്ങള്‍ അക്രമാസക്തമായേക്കുമെന്നാണ് വിവരം. ഇമിഗ്രേഷൻ സെന്ററുകളാണ് പ്രതിഷേധക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതുവരെ അറസ്റ്റിലായ 400ലേറെ പേരില്‍ 140 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
മലയാളികളടക്കമുള്ള കുടിയേറ്റക്കാർക്ക് നേരെയും ആക്രമങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികളും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. യു.കെ സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങള്‍ സന്ദർശിക്കുന്നത് ഇന്ത്യക്കാർ ഒഴിവാക്കണമെന്നും ഹൈക്കമ്മിഷൻ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച സൗത്ത് പോർട്ടില്‍ മൂന്ന് കുട്ടികള്‍ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. 13 വർഷത്തിനിടയില്‍ യു.കെയിലുണ്ടായ ഏറ്റവും രൂക്ഷമായ കലാപമാണിത്. നിരവധി കടകള്‍ പ്രതിഷേധകർ തകർക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളില്‍ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.