കോട്ടയം: യുകെയിൽ മലയാളി യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. നെടുംകുന്നം മുളയംവേലി മുരിക്കാനിക്കൽ ഷൈജു സ്കറിയ ജയിംസ് (37) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് ഷൈജുവിനും ഭാര്യ നിത്യയ്ക്കും കുഞ്ഞ് പിറന്നത്.നിത്യയ്ക്ക് കൂട്ടായി ആശുപത്രിയിൽ കഴിയുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഡെറിഫോഡ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ആശുപത്രിയിലെ ശുചിമുറിയിൽ മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
ദിവസങ്ങൾക്ക് മുൻപാണ് ഷൈജു മകൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മൂത്ത മകനെ സ്കൂളിൽ വിടുന്നതിനായി വീട്ടിലേക്കു പോയ ഷൈജു തിരിച്ച് ആശുപത്രിയിൽ വന്നശേഷം കാന്റീനിലേക്കു പോയി. ഏറെ നേരമായിട്ടും കാണാതെ വന്നതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് വർഷം മുൻപാണ് കുവൈറ്റിൽ നിന്നും യുകെയിലേക്ക് പോയത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. നിത്യ പ്ലിമത്ത് യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സാണ്.