ലണ്ടൻ: വിദേശവിദ്യാര്‍ഥികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി വിദ്യാഭ്യാസമന്ത്രാലയം.
സ്വദേശ വിദ്യാര്‍ഥികളുടെ ട്യൂഷൻ ഫീസ് കുറയാൻ കാരണം വിദേശവിദ്യാര്‍ഥികള്‍ അടയ്ക്കുന്ന ട്യൂഷൻ ഫീസാണെന്നും വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായാല്‍ അതു തിരിച്ചടിയാകുമെന്നും വിദ്യാഭ്യാസമന്ത്രാലയം ചൂണ്ടിക്കാട്ടിയെന്നു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. വിദേശവിദ്യാര്ഥികളില്നിന്നുള്ള വരുമാനം കുറഞ്ഞാല്‍ രാജ്യത്തെ നികുതിദായകരില്‍നിന്നു കൂടുതല്‍ പണം കണ്ടെത്തേണ്ടിവരും.
മാത്രമല്ല, സ്വദേശ വിദ്യാര്‍ഥികളില്‍നിന്നു യൂണിവേഴ്സിറ്റികള്‍ ട്യൂഷൻ ഫീസിനത്തില്‍ വലിയ തുക ഈടാക്കേണ്ടിവരുമെന്നും വിമര്‍ശനമായി വിദ്യാഭ്യാസമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 2017 മുതല്‍ ഇംഗ്ലണ്ടിലെ വിദ്യാര്‍ഥികളുടെ ഫീസ് 9,250 പൗണ്ടാണ്. 2024ന്റെ തുടക്കം മുതല്‍ വിദേശവിദ്യാര്‍ഥികള്‍ക്കു നിയന്ത്രണം കൊണ്ടുവരാനാണു ഋഷി സുനാകിന്റെ സര്‍ക്കാര്‍ ആലോചിക്കുന്നത്.
നീക്കം പ്രാബല്യത്തിലായാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്കു കുടുംബത്തെ ഒപ്പം കൊണ്ടുവരാൻ കഴിയില്ല. ആഭ്യന്തര സെക്രട്ടറി സ്യുവല്ല ബ്രെവര്മാനാണു സര്‍ക്കാരിന്റെ പുതിയ നീക്കം സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറില്‍ യുകെയിലേക്കുള്ള കുടിയേറ്റം റിക്കാര്‍ഡ് നിരക്കിലെത്തിയെന്നു മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.