കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാന് തടവിലാക്കിയെന്ന് റിപ്പോര്‍ട്ട്. യു.കെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് വിവരം പുറത്തുവിട്ടത്.യു.കെ വിദേശകാര്യ മന്ത്രാലയം പൗരന്മാരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ആയുധങ്ങള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ താലിബാന്റെ സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്നാണ് വിവരം. എന്നാല്‍ ലൈസന്‍സുള്ള ആയുധങ്ങളായിരുന്നു ഇവയെന്നാണ് പറയുന്നത്. 53കാരനായ സന്നദ്ധ പ്രവര്ത്തകന് കെവിന് കോണ്‍വാള്‍, യൂട്യൂബറായ മൈല്‍സ് റൂട്ട്ലെഡ്ജ്, ഒരു ഹോട്ടല്‍ മാനേജര്‍ എന്നിവരാണ് കാബൂളില്‍ വച്ച് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.
ഇവരില്‍ രണ്ട് പേര് ജനുവരി മുതല്‍ അറസ്റ്റിലാണെന്നാണ് വിവരം. മറ്റൊരാള്‍ അറസ്റ്റിലായത് എപ്പോഴാണെന്ന് വ്യക്തമല്ല. നിലവില്‍ അറസ്റ്റിലായ മൂവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.