പെർത്ത് : അടുത്ത വർഷം മാർച്ച് എട്ടിന് നടക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മലയാളികളായ ജിബി ജോയിയും ആൽവിൻ മാത്യൂസും മത്സര രംഗത്ത്. ഇരുവരും ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിയുടെ ബാനറിലാണ് മത്സരിക്കുന്നത്. നിലവിൽ അർമഡയിൽ സിറ്റി കൌൺസിൽ അംഗമായ ജിബി ജോയ് നിരവധി മലയാളികൾ താമസിക്കുന്ന ഓക്സ്ഫോർഡ് സീറ്റിൽ നിന്നാണ് ജനവിധി തേടുന്നത്. സതേൺ റിവർ മണ്ഡലത്തിൽ നിന്നുമാണ് ആൽവിൻ മാത്യൂസ് ജനവിധി തേടുന്നത്. ഇരുവരും സംസ്ഥാന തിരഞ്ഞെടുപ്പിൽ ആദ്യമായാണ് മത്സരിക്കുന്നത്.
ഹാരിസ്ഡെയിൽ, പിയാരവാട്ടേഴ്സ്, ഫോറസ്റ്റ്ഡെയിൽ, ഒബിൻഗ്രോവ്, ഹിൽബേർട്ട്, ഹെയിൻസ്, ബ്രൂക്ക്ഡെയിൽ , ഓക്സ്ഫോർഡ്, അൻകറ്റൽ, വാണ്ടി, ബാഞ്ചപ്, ഡാൽലിങ് ഡോൺസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ഓക്സ്ഫോർഡ് ഇലക്ടറേറ്റ്. നിരവധി മലയാളികളും ഇന്ത്യൻ വംശജരും ഈ സബർബുകളിൽ താമസിക്കുന്നുണ്ട്. സൗതേൺ റിവർ, ഹണ്ടിങ് ഡെയിൽ, കാനിംഗ് വെയിൽ, ഗോസ്നെൽസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് സതേൺ റിവർ മണ്ഡലം.
മഡിങ്ടണിൽ താമസിക്കുന്ന വടക്കേടത്ത് മാത്യു -ലൈസ ദമ്പതികളുടെ മകനാണ് ആൽവിൻ മാത്യൂസ്. ക്രിസ്റ്റീനയാണ് ഭാര്യ
നഴ്സസ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്ട്രേലിയ ജസ്റ്റിസ് ഓഫ് പീസ് ആയി പ്രവർത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ വർഷം അർമഡയിൽ സിറ്റി കൗൺസിലിൽ വിജയിച്ചത്.
ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിനിൻ്റെ ഭാഗമായി രക്തദാനം സംഘടിപ്പിക്കുന്നു. ‘ജിബി ജോയ് 4 ഓക്സ്ഫോർഡ് ക്യാമ്പയ്ൻ ടീം’ എന്ന പേരിൽ ഒക്ടോബര് 19 ന് കാന്നിങ്ടൺ റെഡ്ക്രോസ് സെൻ്ററിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക.
ഓസ്ട്രേലിയൻ കിസ്ത്യൻ പാർട്ടിയുടെ സ്ഥാനാർഥിയായ ജിബി സ്വന്തം ജന്മദിനത്തിലാണ് രക്തദാനം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കാമ്പെയിനിൽ പങ്കാളിയായി രക്തമോ, പ്ലാസ്മയോ നൽകുവാൻ ആഗ്രഹിക്കുന്നവർ 0432165637 ഈ നമ്പറിൽ ബന്ധപ്പെടണമെന്ന് നേതൃത്വം അറിയിച്ചു.
അഞ്ച് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി ജീവനും കുടുംബങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി നിലകൊള്ളുന്നതാണ് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടി എന്ന് ബോധ്യപ്പെടുത്തി വ്യത്യസ്ത വിഭാഗങ്ങളെ ഉൾപ്പെടുത്തി മുന്നൂറിലധികം പേരുടെ സജീവ ക്യാമ്പയിൻ ടീമിന് രൂപം കൊടുക്കുവാൻ ഇതിനോടകം സാധിച്ചതായി ജിബി ജോയി അറിയിച്ചു.
മയക്കുമരുന്നും തീവ്രവാദം അനാരോഗ്യകരമായ സംസ്കാരവും ഇല്ലാതാക്കുവാനായി ഒരു രാഷ്ട്രീയ മാറ്റം പൊതു ജനങ്ങൾ ആഗ്രഹിക്കുന്നിടത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ പാർട്ടിക്ക് സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു.