ഇസ്താംബുള്‍: ഫിന്‍ലന്‍ഡിന്‍റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗാന്‍.
തുര്‍ക്കിയിലെത്തിയ ഫിന്നിഷ് പ്രസിഡന്‍റ് സൗലി നിനിസ്റ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എര്‍ദോഗാന്‍റെ പ്രഖ്യപനം . പത്തുമാസം മുന്പാണ് സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോ അംഗത്വത്തിന് അപേക്ഷ നല്കിയത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചത്.
നാറ്റോയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ 30 അംഗരാജ്യങ്ങളുടെയും അനുമതി വേണം. സ്വീഡന്‍റെയും ഫിന്‍ലന്‍ഡിന്‍റെയും അപേക്ഷ 28 രാജ്യങ്ങള്‍ അംഗീകരിച്ചെങ്കിലും തുര്‍ക്കിയും ഹംഗറിയും എതിര്‍ത്തിരുന്നു. കുര്‍ദിഷ് ഗ്രൂപ്പുകളോട് സ്വീഡന്‍ മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നു തുര്‍ക്കി ആരോപിക്കുന്നു.