വാഷിങ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച പോപ്പ് താരം ടെയ്ലര് സ്വിഫ്റ്റിനെ വിമർശിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപ്.
ടെയ്ലര് സ്വിഫ്റ്റ് എപ്പോഴും ഡെമോക്രാറ്റുകളെയാണ് പിന്തുണക്കാറെന്നും അതിന് അവർക്ക് വലിയ വിലനല്‍കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നല്കിയ അഭിമുഖത്തിനിടെ, കമലാ ഹാരിസിനുള്ള ടെയ്ലര് സ്വിഫ്റ്റിന്റെ പിന്തുണ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം, തന്റെ സാമൂഹിക മാധ്യമ പോസ്റ്റ് ലൈക്ക് ചെയ്ത മുൻ ഫുട്ബോള്‍ താരം ബ്രിട്ടാണി മഹോംസിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. താനൊരു ടെയ്ലര് സ്വിഫ്റ്റ് ആരാധകൻ ആയിരുന്നില്ലെന്ന് അഭിമുഖത്തില്‍ പറഞ്ഞ ട്രംപ്, ബ്രിട്ടാണിയെ തനിക്ക് ഇഷ്ടമാണെന്നും അവർ കഴിഞ്ഞ ആഴ്ച ഒരുപാട് വാർത്തകളില്‍ ഇടംപിടിച്ചെന്നും വലിയ ആരാധകവൃന്ദമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പെന്‍സില്‍വേനിയയിലെ ഫിലാഡല്‍ഫിയയിലുള്ള എൻ.സി.സി. സെന്ററില്‍ എ.ബി.സി. ന്യൂസ് സംഘടിപ്പിച്ച സംവാദത്തില്‍ ട്രംപും കമലയും കഴിഞ്ഞദിവസം നേർക്കുനേർ വന്നിരുന്നു. ഇതിനുപിന്നാലെ ആയിരുന്നു ഇൻസ്റ്റഗ്രാമിലൂടെ ടെയ്ലര് സ്വിഫ്റ്റ് കമലയ്ക്ക് പിന്തുണ അറിയിച്ചത്. നവംബർ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.