വാഷിംഗ്ടൺ: നാസയുടെ അടുത്ത തലവനായി ഓൺലൈൻ പേയ്മെൻ്റ് കോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രികനുമായ ജാരെഡ് ഐസക്മാനെ നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗവൺമെൻ്റ് എഫിഷ്യൻസി കമ്മീഷൻ സഹ-അധ്യക്ഷനും ട്രംപിൻ്റെ ഏറ്റവും അടുത്ത ഉപദേശകരിൽ ഒരാളുമായ എലോൺ മസ്കിന്റെ അടുത്തയാളാണ് ഐസക്മാൻ. ഷിഫ്റ്റ് 4 പേയ്മെൻ്റ്സിൻ്റെ സ്ഥാപകനും സിഇഒയുമായ ഐസക്മാൻ (41) മസ്കിൻ്റെ സ്പേസ് എക്സുമായി അടുത്തബന്ധമാണ് പുലർത്തുന്നത്.
പ്രഗത്ഭനായ ബിസിനസുകാരനും മനുഷ്യസ്നേഹിയും പൈലറ്റും ബഹിരാകാശയാത്രികനുമായ ജാരെഡ് ഐസക്മാനെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ്റെ (നാസ) അഡ്മിനിസ്ട്രേറ്ററായി നാമനിർദ്ദേശം ചെയ്യുന്നതിൽ സന്തുഷ്ടനാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഐസക്മാനും സ്പേസ് എക്സും തമ്മിലുള്ള സഹകരണത്തോടെയുള്ള പോളാരിസ് പ്രോഗ്രാമിന് കീഴിലാണ് ഐസക്മാൻ ബഹിരാകാശ നടത്തം നടത്തിയത്. ഐസക്മാൻ 200 മില്യൺ ഡോളർ ചെലവഴിച്ചാണ് ദൗത്യം സഫലമാക്കിയത്.