ന്യൂയോര്‍ക്ക് : അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡൻഷ്യല്‍ തിരഞ്ഞെടുപ്പിലൂടെ താൻ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായും തനിക്ക് നല്ല സമവാക്യമുണ്ടെന്ന് ട്രംപ് പറയുന്നു. നിലവിലെ പ്രസിഡന്റ് ജോ ബൈഡന് ലോകനേതാക്കളുമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പോലുള്ളവര്‍ മിടുക്കരാണ്.
എന്താണ് നടക്കുന്നതെന്ന് ധാരണയില്ലാത്ത ഒരാളാണ് നമ്മുടെ പ്രസിഡന്റ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയമാണിത്. സെലെൻസ്കിയേയും പുട്ടിനേയും തനിക്ക് നന്നായി അറിയാം. രണ്ടുപേരുമായും തനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്.
താൻ പ്രസിഡന്റായാല്‍ സെലെൻസ്കിയോട് ഒരു ധാരണയിലെത്തണമെന്ന് ആവശ്യപ്പെടും. ധാരണയിലെത്താനാകുന്നില്ലെങ്കില് സെലെൻസ്കിയ്ക്ക് കൂടുതല്‍ സഹായം നല്‍കുമെന്നായിരിക്കും താൻ പുട്ടിനോട് പറയുക. ഒറ്റ ദിവസം കൊണ്ട് താൻ ഒത്തുതീര്‍പ്പിലെത്തിക്കും.’ ട്രംപ് പറഞ്ഞു. യുക്രെയിൻ – റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.
പാശ്ചാത്യ രാജ്യങ്ങളും നാറ്റോയും യുക്രെയിന് സൈനിക സഹായങ്ങള്‍ നല്‍കുന്നത് റഷ്യയെ കൂടുതല്‍ അക്രമാസക്തമാക്കുന്നു. യു.എസിന്റെ നേതൃത്വത്തിലുള്ള നാറ്റോയുടെ വിപുലീകരണമാണ് യുക്രെയിനെ ആക്രമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പുട്ടിൻ ചൂണ്ടിക്കാട്ടുന്നത്. അധിനിവേശം ആരംഭിക്കുന്നതിന് മുമ്ബ് റഷ്യയുമായി നാറ്റോയ്ക്കുണ്ടായിരുന്ന കര അതിര്‍ത്തി 754 മൈല്‍ ആയിരുന്നു. എന്നാലിപ്പോള്‍ അത് 1,584 മൈല്‍ ആയി കൂടി. റഷ്യയുടെ അയല്‍രാജ്യമായ ഫിൻലൻഡ് നാറ്റോ അംഗമായതോടെയാണ് ഇത്.