വാഷിംങ്ടണ്‍: ഇന്ത്യ മുതല്‍ കാനഡ വരെ വ്യാപിച്ചുകിടക്കുന്ന ക്രിമിനല്‍ ശൃംഖലയിലേക്ക് നയിച്ചേക്കാവുന്ന മനുഷ്യക്കടത്തുകേസിന്റെ വിചാരണക്ക് യു.എസില്‍ തുടക്കം.
യു.എസില്‍ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടുംബങ്ങളെ കള്ളക്കടത്ത് നടത്തി പണം സമ്ബാദിച്ചെന്ന് ആരോപണവിധേയരായ ഇന്ത്യക്കാരനായ ഹർഷ്കുമാർ രാമൻലാല്‍ പട്ടേല്‍ (29) ഫ്ലോറിഡയില്‍ നിന്നുള്ള സ്റ്റീവ് ഷാൻഡ് (50) എന്നിവരുടെ വിചാരണക്കാണ് മിനസോട്ടയില്‍ തുടക്കമാവുന്നത്.
രണ്ടു വർഷം മുമ്ബ് മഞ്ഞുവീഴ്ചയിലും അസ്ഥികള്‍ കോച്ചുന്ന തണുപ്പിലും മൂന്നു വയസ്സുകാരൻ ഉള്‍പ്പെടെ മരിച്ച നാലംഗ ഇന്ത്യൻ കുടുംബത്തിനുവേണ്ടി യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടർമാർ വാദിക്കും. ഹർഷ്കുമാർ പട്ടേലിന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ട മനുഷ്യക്കടത്തില്‍, സ്റ്റീവ് ഷാൻഡ് 11 ഇന്ത്യൻ കുടിയേറ്റക്കാർക്കായി ട്രക്കില്‍ കാത്തുനിന്നെന്നും ദമ്ബതികളും രണ്ട് കുട്ടികളും അതിർത്തി കടക്കാൻ ശ്രമിച്ചതിനുശേഷം മരിച്ചുവെന്നും പ്രോസിക്യൂട്ടർമാർ പറയുന്നു. ഒർലാൻഡോയുടെ വടക്ക് ഫ്ലോറിഡയിലെ ഡെല്റ്റോണയിലുള്ള ഒരു കാസിനോയില്വെച്ചാണ് പട്ടേല്‍ ഷാൻഡിനെ ഇതിനായി റിക്രൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു.
39 കാരനായ ജഗദീഷ് പട്ടേല്‍, ഭാര്യ വൈശാലിബെൻ, അവരുടെ 11 വയസ്സുള്ള മകള്‍ വിഹാംഗി, മൂന്നു വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് തണുപ്പില്‍ മരിച്ചത്. പട്ടേല്‍ എന്നത് സാധാരണ ഇന്ത്യൻ കുടുംബപ്പേരാണ്. ഇരകള്‍ക്ക് ഹർഷ്കുമാർ പട്ടേലുമായി ബന്ധമില്ല. ഗുജറാത്തിലെ ഡിങ്കുച്ച ഗ്രാമത്തില്‍ നിന്നുള്ള കുടുംബമാണ് ജഗദീഷ് പട്ടേലിന്റേത്. മാതാപിതാക്കളോടൊപ്പമാണ് പട്ടേല്‍ താമസിച്ചിരുന്നത്. ദമ്ബതികള്‍ സ്കൂള്‍ അധ്യാപകരായിരുന്നുവെന്നാണ് വിവരം.
പട്ടേലും കുടുംബവും മൈനസ് 38 സെല്‍ഷ്യസ് തണുപ്പില്‍ ഹിമപാതത്തില്‍ മണിക്കൂറുകളോളം കനേഡിയൻ അതിർത്തിക്കുള്ളിലെ വയലുകളില്‍ വാഹനംതേടി അലഞ്ഞുനടന്നതായി കരുതുന്നു. 2022 ജനുവരി 19ന് രാവിലെ കനേഡിയൻ അധികൃതർ നാലുപേരുടെയും മരവിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി. ജഗദീഷ് പട്ടേല്‍ പുതപ്പില്‍ പൊതിഞ്ഞ ധാർമികിനെ ചേർത്തുപിടിച്ചിരുന്നു.
പട്ടേലും ഷാൻഡും ഇന്ത്യയില്‍ നിന്നുള്ളവരെ കടത്തി അവർക്ക് ആദ്യം കനേഡിയൻ സ്റ്റുഡന്റ്സ് വിസകള്‍ ലഭ്യമാക്കുകയും വാഹനം സംഘടിപ്പിച്ച് യു.എസിലേക്ക് കടത്തുകയും ചെയ്ത ഓപ്പറേഷന്റെ ഭാഗമായിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടർമാർ പറയുന്നു. അഞ്ചു തവണയെങ്കിലും യു.എസ് വിസ നിഷേധിക്കപ്പെട്ട പട്ടേല്‍ അനധികൃതമായി യു.എസില്‍ ഉണ്ടായിരുന്നതായി പ്രോസിക്യൂട്ടർമാർ സമർപിച്ച കോടതി രേഖകള്‍ കാണിക്കുന്നു. എന്നാല്‍, തന്റെ ക്ലയന്റ് ദാരിദ്ര്യത്തില്‍നിന്ന് രക്ഷപ്പെടാനും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുമാണ് അമേരിക്കയിലെത്തിയതെന്നും ഇപ്പോള്‍ വലിയ കുറ്റകൃത്യത്തില്‍ പങ്കെടുത്തതായി അന്യായമായി ആരോപിക്കപ്പെടുന്നുവെന്നും ഹർഷ്കുമാർ പട്ടേലിന്റെ അഭിഭാഷകൻ തോമസ് ലീനെൻ വെബർ പ്രതികരിച്ചു.
ഇന്ത്യക്കാരുടെ സംഘങ്ങളെ വിജനമായ അതിർത്തിയിലൂടെ കടത്തിയപ്പോള്‍ പട്ടേലും ഷാൻഡും കൊടുംതണുപ്പിനെക്കുറിച്ച് പലപ്പോഴും ആശയവിനിമയം നടത്തിയിരുന്നു. 2021 ഡിസംബറിലെ രാത്രിയില്‍ ഒരു സംഘത്തെ എടുക്കാൻ വാഹനവുമായി കാത്തുനില്‍ക്കുമ്ബോള്‍ ‘നരകം പോലെ തണുപ്പാണ്. ഇവിടെ എത്തുമ്ബോള്‍ അവർ ജീവിച്ചിരിക്കുമോ?’ എന്ന് ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചതായി രേഖകള്‍ പറയുന്നു. എല്ലാവരും ഹിമപാത സാഹചര്യങ്ങള്‍ക്കായി വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ദയവായി ഉറപ്പാക്കുക’ എന്ന് ജനുവരിയിലെ അവസാന യാത്രക്കിടെ ഷാൻഡ് പട്ടേലിന് സന്ദേശം അയച്ചിരുന്നു. അഞ്ച് യാത്രകള്‍ക്കായി പട്ടേല്‍ തനിക്ക് 25,000 ഡോളർ നല്‍കിയതായി ഷാൻഡ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കനേഡിയൻ അതിർത്തിയില്‍ 14,000ത്തിലധികം ഇന്ത്യക്കാരെ യു.എസ് ബോർഡർ പട്രോളിംഗ് അറസ്റ്റ് ചെയ്തിരുന്നു. 2022 ആയപ്പോഴേക്കും യു.എസില്‍ 7,25000ത്തിലധികം ഇന്ത്യക്കാർ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് ‘പ്യൂ റിസർച്ച് സെന്റർ’ കണ്ടെത്തി.