ഓസ്ട്രേലിയയില്‍ ബാങ്ക് ചെക്കുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. 2030ഓടെ ചെക്കുകളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം.ചില സര്‍ക്കാര്‍ ഏജന്‍സികളും, കമ്പനികളും അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ചെക്കുകള്‍ നല്‍കാറുള്ളത്.അല്ലെങ്കില്‍, ചെക്ക് എന്ന് കേള്‍ക്കുമ്പോള്‍ പുതുതലമുറയിലെ പലര്‍ക്കും ഓര്‍മ്മവരുന്നത് മത്സരങ്ങളില്‍ സമ്മാനത്തുക നല്കുന്ന പടുകൂറ്റന്‍ ചെക്കുകള്‍ മാത്രമാണ്.എന്നാല്‍, കുറച്ചു നാളുകള്‍ക്ക് മുമ്പു വരെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ചെക്കുകള്‍.ഡിജിറ്റല്‍ പണമിടപാട് വിപണി കൈയടക്കിയതോടെ അവയുടെ ഉപയോഗം കുത്തനെ കുറഞ്ഞു.
നിലവില്‍ ഓസ്ട്രേലിയയില്‍ കറന്‍സി ഇതര പണമിടപാടിന്റെ 0.2 ശതമാനം മാത്രമാണ് ചെക്കുകളുടെ ഉപയോഗം.കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ചെക്കുകളുടെ ഉപയോഗത്തില്‍ 90 ശതമാനത്തിന്റെ ഇടിവുണ്ടായി.ചെക്കുകള്‍ ഉപയോഗിച്ചുള്ള പണമിടപാടിന് ചെലവ് കൂടുതലാണെന്നും, കൂടുതല്‍ ഫലപ്രദമായതും ചെലവ് കുറഞ്ഞതുമായ ഡിജിറ്റല്‍ ഇടപാടുകളാണ് ഇനി അഭികാമ്യമെന്നും ജിം ചാമേഴ്സ് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് 2030ഓടെ ചെക്കുകളുടെ ഉപയോഗം പൂര്‍ണമായി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
പല ബിസിനസുകളും ഇപ്പോള്‍ തന്നെ ചെക്കുകള്‍ സ്വീകരിക്കാറില്ലെന്നും ചാമേഴ്സ് ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയന്‍ പണമിടപാടുകളുടെ 98.9 ശതമാനവും ഓണ്‍ലൈനായോ ആപ്പുകളിലൂടെയോ ആണ് എന്നാണ് ഓസ്ട്രേലിയന്‍ ബാങ്കിംഗ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.ഘട്ടം ഘട്ടമായിട്ടായിരിക്കും ചെക്കുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.2028ഓടെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചെക്കുകളുടെ ഉപയോഗം പൂര്‍ണമായി അവസാനിപ്പിക്കും. 2030ഓടെ വിപണിയില്‍ ചെക്കുകള്‍ ഇല്ലാതാകും.സമൂഹത്തിലെ പല അവശവിഭാഗങ്ങള്‍ക്കും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാകില്ലെന്ന കാര്യം മനസിക്കുന്നുണ്ടെന്നും, അവരെ ഈ മാറ്റം ദോഷകരമായി ബാധിക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചാമേഴ്സ് പറഞ്ഞു.
ഒട്ടേറെ രാജ്യങ്ങള്‍ ചെക്കുകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.ഫിന്ലാന്റായിരുന്നു ഈ നടപടി സ്വീകരിച്ച ആദ്യ രാജ്യം. മൂന്ന് പതിറ്റാണ്ട് മുമ്പായിരുന്നു അത്.സ്വീഡന്, ദക്ഷിണാഫ്രിക്ക, നോര്‍വേ തുടങ്ങിയ രാജ്യങ്ങളും ചെക്ക് പൂര്‍ണമായും നിര്‍ത്തലാക്കി.നെതര്‍ലാന്റ്സില്‍ വിദേശ ചെക്കുകള്‍ പോലും മാറാനാകില്ല. ന്യൂസിലാന്റും രണ്ടു വര്‍ഷം മുമ്പ് ചെക്കുകള്‍ നിര്‍ത്തലാക്കിയിരുന്നു.എന്നാല്‍ ഇപ്പോഴും സജീവമായി ചെക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളുമുണ്ട്.കാനഡയിലും സിംഗപ്പൂരിലും കറന്‍സി രഹിത പണമിടപാടുകളുടെ നാലിലൊന്നും ഇപ്പോഴും ചെക്ക് മുഖേനയാണ്.അമേരിക്കയിലും ചെക്കുകളുടെ ഉപയോഗം ഇപ്പോഴും കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.