ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച കൊറിയന്‍ പൗരന് ദില്ലി പോലീസ് 5000 രൂപ പിഴയിട്ടു. എന്നാല്‍, പിഴ തുക അടച്ചതിന്റെ രസീത് നല്‍കാത്തതിന്റെ പേരില്‍ ദില്ലി പോലീസ് ഓഫീസറെ പിന്നീട് സസ്പെന്റ് ചെയ്തു. പോലീസ് ഓഫീസര്‍ രസീത് നല്‍കിയില്ലെന്ന് ചിത്രങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ ദില്ലി പോലീസ് വകുപ്പ് സസ്പെന്റ് ചെയ്തത്. റോഡിന്റെ തെറ്റായ വശത്ത് കൂടി കാര്‍ ഓടിച്ചുവെന്നതിനാണ് കൊറിയന്‍ പൗരനെതിരെ മഹേഷ് ചന്ദ് എന്ന ദില്ലി പോലീസ് ഉദ്യോഗസ്ഥന് പിഴയിട്ടത്. എന്നാല്‍ ഇയാള്‍, പിഴ അടച്ചതിന്റെ രസീത് നല്കാന് തയ്യാറായില്ല. ഇതിന് പിന്നാലെ സംഭവത്തിന്റെ യൂട്യൂബ് വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററിലും പങ്കുവയ്ക്കപ്പെട്ടു. Sweety Priya എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സ്വീറ്റി പ്രിയ ഇങ്ങനെ എഴുതി, ‘“21:40 ന് ‘മഹേഷ് ചന്ദ്’ എന്ന അഴിമതിക്കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വിദേശിയില്‍ നിന്നും രസീത് പോലും നൽകാതെ 5,000 രൂപ പിഴ വാങ്ങി. ഇത്തരക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കൂ,” ഒപ്പം സംഭവത്തിന്റെ യൂട്യൂബ് വീഡിയോ ലിങ്കും അവര്‍ പങ്കുവച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ദില്ലി ട്രാഫിക് പോലീസ് ട്വീറ്റിന് മറുപടി നല്കി. “സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു, വീഡിയോയിൽ കാണുന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അഴിമതിയോട് സഹിഷ്ണുതയില്ലാത്ത നയമാണ് ദില്ലി പോലീസിനുള്ളത്.” ട്വിറ്റില്‍ പോലീസ് എഴുതി.
ഒരു മാസം പഴയ വീഡിയോയായിരുന്നു അത്. 30 മിനിറ്റുള്ള ട്രാവല്‍ വീഡിയില് ഏതാണ്ട് 22 മിനിറ്റുകള്‍ക്ക് ശേഷമാണ് പ്രസ്തുത സംഭവമുള്ളത്. വീഡിയോയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് ദക്ഷിണ കൊറിയന്‍ പൗരനോട് പിഴയടക്കാന്‍ ആശ്യപ്പെടുന്നത് കേള്‍ക്കാം. അയാള്‍ ആദ്യം 500 രൂപ നല്കുന്നു. എന്നാല്‍ പിഴത്തുക 5,000 ആണെന്ന് ഉദ്യോഗസ്ഥന് പറയുന്നു. തുടര്‍ന്ന് വിദേശ സഞ്ചാരി 5,000 രൂപ കൊടുക്കുന്നു. ഇതില്‍ നിന്ന് 500 രൂപ ഉദ്യോഗസ്ഥന് തിരിച്ച് നല്കി കൊണ്ട് ‘ഓക്കെ താങ്ക്യൂ’ എന്ന് പറഞ്ഞ് പോകുന്നു. ഈ സമയം സഞ്ചാരി അദ്ദേഹത്തിന് കൈ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് തനിക്ക് പോലീസ് ഉദ്യോഗസ്ഥരോട് തര്‍ക്കിക്കാന്‍ വയ്യാത്തതിനാല്‍ പറഞ്ഞ പണം താന്‍ നല്‍കിയെന്നും ഇയാള്‍ പറയുന്നു. 5000 രൂപയെന്നത് ഏതാണ്ട് 78,000 വോണ്‍ ആണെന്നും അദ്ദേഹം പറയുന്നു. കാര്‍ യാത്രയ്ക്കിടിയില്‍ പല സ്ഥലങ്ങളിലായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ഈ കാഴ്ചകളെല്ലാം വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ പിടിപ്പിച്ച ക്യാമറയില്‍ നിന്നുള്ളതായിരുന്നു. സമാനമായ രീതിയില്‍ വിദേശിക്ക് കാര്‍ വാടകയ്ക്ക് നല്കിയ കമ്പനി അയാളെ 2500 രൂപ പറ്റിച്ചെന്നും യുവതി പിന്നീട് ട്വീറ്റ് ചെയ്തു.