ഇടുക്കിയില്‍ നിന്ന് ജോലിയും വിസയും വാഗ്ദാനം ചെയ്ത് അഞ്ചു യുവാക്കളെ മലേഷ്യയിലേയ്ക്ക് കടത്തിയതായി പരാതി. കബളിപ്പിക്കപ്പെട്ടുവെന്ന് തകിരിച്ചറിഞ്ഞതോടെ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നെടുങ്കണ്ടം താന്നിമൂട് കുന്നിരുവിള വീട്ടിൽ അഗസ്റ്റിനും മകൻ ഷൈൻ അഗസ്റ്റിനും ചേർന്ന് ജോലിയും വിസയും വാഗ്ദാനം ചെയ്തു മലേഷ്യയിൽ എത്തിച്ചു എന്നാണ് പരാതി.
അഞ്ചു പേരെയാണ് ഇത്തരത്തിൽ മലേഷ്യയിലെത്തിച്ചത്. ഇതിൽ രണ്ടുപേർ രക്ഷപ്പെട്ട് നാട്ടിലെത്തി. മൂന്നുപേർ ഇപ്പോഴും മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നു. മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന സണ്ണി എന്നയാളുടെ കുടുംബത്തിൻറെ പരാതിയിലാണ് നെടുംകണ്ടം പൊലീസ് കേസെടുത്തത്. ചെന്നൈയൽ എത്തുമ്പോൾ വിസ ലഭിക്കുമെന്ന് വശ്വസിപ്പിച്ച് ഒന്നര ലക്ഷം വരെ രൂപ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ചൈന, തായ്ലൻഡ് എന്നീ രാജ്യങ്ങൾ വഴിയാണ് യുവാക്കളെ മലേഷ്യയിൽ എത്തിച്ചത്. വിദേശത്തേക്ക് ആളെ കൊണ്ടുപോകാൻ ലൈസൻസുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്നും പണം വാങ്ങിയത്. സൂപ്പർ മാർക്കറ്റുകളിലും പാക്കിംഗ് സെക്ഷനുകളിലും 80,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. താായ്ലന്റില്‍ എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക്, ബന്ധുക്കളെ വിവരം അറിയിക്കാനായില്ല. എട്ട് മണിക്കൂറോളം വന മേഖലയിലൂടെ നടന്നും, അടച്ച് മൂടിയ കണ്ടൈനര്‍ ലോറികളിലും ബോട്ട് മാര്‍ഗവും യാത്ര ചെയ്താണ് മലേഷ്യയില്‍ എത്തിച്ചത്. കണ്ണ് മൂടിക്കെട്ടിയും, പുഴ നീന്തി കടന്നുമൊക്കെയായിരുന്നു യാത്ര. കസ്റ്റഡിയിലുള്ള അഗസ്റ്റിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
വഞ്ചന കുറ്റം, എമിഗ്രേഷൻ ആക്ട് തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ മകൻ ഷൈൻ അഗസ്റ്റിനെ ബന്ധപ്പെടാൻ പൊലീസിന് ആയിട്ടില്ല. അതേസമയം, നടന്നത് മനുഷ്യ കടത്താണോ എന്നത് കൂടുതൽ അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. നിലവിൽ അഞ്ചുപേരുടെ വിവരങ്ങളാണ് പൊലീസിന്റെ പക്കൽ ഉള്ളതെങ്കിലും കൂടുതൽ യുവാക്കൾ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സംശയമുണ്ട്.