സിഡ്നി∙ സിഡ്നിയിൽ നിന്നുള്ള മൂന്ന് വയസ്സുകാരിയായ ജാന അൽ ഈസാവി ബാലിയിലെ സെമിനാക്കിലുള്ള വില്ലയിലെ കുളത്തിൽ മുങ്ങിമരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. കുളത്തിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടുണ്ടെന്ന് കുടുംബം തെറ്റിധരിച്ചിതാണ് അപകടത്തിന് കാരണമായത്.
ജാനയുടെ പിതാവാണ് ആദ്യം കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം കുട്ടിയെ പുറത്തെടുത്ത് സിപിആർ നൽകാൻ ശ്രമിച്ചു. അടുത്തുണ്ടായിരുന്ന ഓസ്ട്രേലിയൻ വനിതയും സഹായത്തിനെത്തി. എന്നാൽ, ജാനയെ രക്ഷിക്കാനായില്ല. നാലാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു ജാന. സ്കൂളിൽ ചേരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു.
“ജാനയുടെ ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ച എണ്ണമറ്റ നിമിഷങ്ങളിൽ എന്നെന്നും ജീവിക്കും.”ജാനയുടെ പുഞ്ചിരിക്ക് ഓരോ മുറിയും പ്രകാശിപ്പിക്കാൻ കഴിയുമായിരുന്നു, മാതാപിതാക്കളോടും കുടുംബത്തോടും സുഹൃത്തുക്കളോടും അവളുടെ പ്രിയപ്പെട്ട തത്തയോടും (കൊക്കോ) ഉള്ള അവളുടെ സ്നേഹത്തിന് അതിരുകളില്ലായിരുന്നു. ജാന, നിന്നെ എന്നെന്നും സ്നേഹിക്കുകയും ഞങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യും’’– മാതാപിതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു.
കുട്ടികളെ വെള്ളത്തിനടുത്ത് എപ്പോഴും സൂക്ഷ്മമായി നിരീക്ഷിക്കണം. ഹൃദയഭേദകമായ ഈ സംഭവം മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി മാറണമെന്ന് ജാനയുടെ മാതാപിതാക്കൾ പറഞ്ഞു. സമാനമായ ദുരന്തങ്ങൾ ഭാവിയിൽ തടയുന്നതിനായി എല്ലാ മാതാപിതാക്കളും ചെറുപ്പം മുതലേ കുട്ടികളെ നീന്തൽ പഠിപ്പിക്കണമെന്നും ജാനയുടെ മാതാപിതാക്കൾ കൂട്ടിച്ചേർത്തു.