സോഷ്യൽ മീഡിയ കണ്ടന്റിനു വേണ്ടി എത്രമാത്രം അപഹാസ്യമായ പ്രവൃത്തികൾ ആണെങ്കിൽ പോലും ചിലർ ചെയ്യാൻ മടിക്കാറില്ല എന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
കഴിഞ്ഞദിവസം ഏറെ സമാനമായ രീതിയിൽ ഒരു സംഭവം ദില്ലിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലെ താമസക്കാരിയായി അഭിനയിച്ച് തനിക്കും തന്നോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കും സൗജന്യ ഭക്ഷണം നേടിയെടുക്കുകയായിരുന്നു ഈ സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്ററായ യുവതി. എന്നാൽ, ഇവരുടെ കള്ളത്തരം ഹോട്ടൽ ജീവനക്കാർ കണ്ടുപിടിച്ചതോടെ കഴിച്ച ഭക്ഷണത്തിന്റെ പണം നൽകി യുവതി തടിയൂരി.
നിഷു തിവാരി എന്ന് യുവതിയാണ് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന ഒരു വ്യക്തിയെപ്പോലെ അഭിനയിച്ച് അതേ ഹോട്ടലിന്റെ റസ്റ്റോറന്റിൽ എത്തിയത്. ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ പൈജാമ ധരിച്ചായിരുന്നു ഇവർ എത്തിയത്. തുടർന്ന് വ്യാജ റൂം നമ്പർ പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ചു.
നിഷു തിവാരി പറഞ്ഞത് വിശ്വസിച്ച റസ്റ്റോറൻറ് ജീവനക്കാർ അവർ ആവശ്യപ്പെട്ട ഭക്ഷണം വിളമ്പി. തിവാരിയും അവളോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയും ഭക്ഷണം ആസ്വദിച്ചു കഴിച്ചു. ശേഷം റസ്റ്റോറന്റിൽ നിന്നും ഇറങ്ങിയപ്പോൾ തിവാരിയോടൊപ്പം ഉണ്ടായിരുന്ന വ്യക്തി അബദ്ധത്തിൽ തന്റെ ഫോൺ റസ്റ്റോറന്റിൽ മറന്നുവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻതന്നെ ഫോൺ മറന്നു വെച്ച കാര്യം അറിയിക്കാനായി അവർ പറഞ്ഞ റൂം നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് റസ്റ്റോറൻറ് ജീവനക്കാർക്ക് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസ്സിലായത്.
വേഗത്തിലുള്ള ഇടപെടലിലൂടെ അവർക്ക് നിഷു തിവാരിയും സംഘവും ഹോട്ടൽ കോമ്പൗണ്ടിൽ നിന്നും പുറത്തു കടക്കുന്നതിന് മുൻപ് തന്നെ അവരെ പിടികൂടാനായി. തുടർന്ന് ഇവരിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ 3600 രൂപ ഈടാക്കുകയും ചെയ്തു. പിടിയിലായപ്പോൾ താൻ സോഷ്യൽ മീഡിയ കണ്ടന്റിന് വേണ്ടി ചെയ്തതാണ് ഇതെന്നായിരുന്നു നിഷു തിവാരിയുടെ വിശദീകരണം. ആളുകളെ കബളിപ്പിച്ച് എങ്ങനെ ജീവിക്കാം എന്നതിൽ ഒരു വീഡിയോ സീരീസ് തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നും അവർ പറഞ്ഞു.