ഹൈദരാബാദ്: തിരുമല തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് ദർശനത്തിനെത്തുന്ന ഭക്തർക്ക് പുതിയ നിർദേശവുമായി ക്ഷേത്രം അധികൃതർ. കഴിഞ്ഞയാഴ്ച ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 6 വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് അധികൃതരുടെ നിർദേശം. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കാൻ ഓരോ ഭക്തർക്കും ഒരു വടി കരുതാനാണ് നിർദേശം. ക്ഷേത്രം അധികൃതർ തന്നെ വടി നൽകും.
എല്ലാവർക്കും വീതം ഓരോ വടി നൽകനാണ് തീരുമാനമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർപേഴ്സൺ ബി കരുണാകർ റെഡ്ഡി പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയാണ്. കാൽനട പാതയിലൂടെ ക്ഷേത്രത്തിലേക്കുള്ള തീർഥാടകർ ഇനി മുതൽ നൂറുപേരടങ്ങുന്ന ബാച്ചുകളായി ഒരു സുരക്ഷാ ജീവനക്കാരന്റെ അകമ്പടിയോടെ പോകണമെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗങ്ങളെ ആകർഷിക്കാതിരിക്കാൻ ഭക്തജനങ്ങളും റൂട്ടിലെ ഭക്ഷണശാലകളും മാലിന്യം തള്ളരുതെന്നും നിർദേശിച്ചിട്ടുണ്ട്. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നത് കർശനമായി വിലക്കിയിട്ടുണ്ടെന്നും ടിടിഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ക്ഷേത്രം സംരക്ഷിത വനമേഖലയിലായതിനാൽ കാൽനടയാത്രക്കാരുടെ സംരക്ഷണത്തിനായി വേലി കെട്ടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, അധികൃതരുടെ പുതിയ നിർദേശങ്ങൾ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതാണെന്നും ക്ഷേത്ര ദർശനത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഭക്തർ പറയുന്നു. തീർഥാടകരെ നിയന്ത്രിക്കുന്നതിന് പകരം അവർ കൂടുതൽ സുരക്ഷയൊരുക്കകുകയോ പാതയിൽ വേലി കെട്ടുകയോ ചെയ്യണമെന്നും ഭക്തർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ആറുവയസുകാരി ലക്ഷിത പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള കാൽനടയായി പോകുമ്പോൾ വെള്ളിയാഴ്ച രാത്രി പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു.