ബെയ്ജിങ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിശയിപ്പിക്കുന്ന എഐ ടൂള്‍ പുറത്തിറക്കി ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്. ഒരു ഫോട്ടോ നല്കിയാല് ജീവനുള്ള വീഡിയോ നിര്‍മിക്കാന്‍ കഴിയുന്ന ഈ എഐ മോഡല്‍ നിര്‍മിച്ച സാമ്പിള്‍ വീഡിയോകള്‍ അവിസ്മരണീയ അനുഭവം നല്കുന്നു എന്നാണ് ഫോബ്സിന്റെ റിപ്പോര്‍ട്ട്. ഒമ്നിഹ്യൂമണ്‍-1 (OmniHuman-1) എന്നാണ് ഈ ചൈനീസ് എഐ ടൂളിന്റെ പേര്.
ആളുകള്‍ സംസാരിക്കുന്നതോ സംഗീതം ആലപിക്കുന്നതോ ഡാന്‍സ് കളിക്കുന്നതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതായോ ഉള്ള വീഡിയോ നിങ്ങള്‍ക്ക് വേണോ? ഒറ്റ ഫോട്ടോ നല്കിയാല് ഒറിജിനലിനെ വെല്ലുന്ന വീഡിയോകള്‍ നിര്‍മിക്കുന്ന എഐ ടൂളായ ഒമ്നിഹ്യൂമണ്‍-1 പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്. നിലവിലുള്ള എല്ലാ എഐ മെത്തേഡുകളെയും മറികടക്കുന്നതാണ് ഈ മോഡല്‍ എന്നാണ് ബൈറ്റ് ഡാന്‍സിന്റെ അവകാശവാദം. ഒമ്നിഹ്യൂമണ്‍-1 ദുർബലമായ ഓഡിയോ അടക്കമുള്ള സിഗ്നൽ ഇൻപുട്ടുകള്‍ നല്കിയാലും വളരെ റിയലസ്റ്റിക്കായ വീഡിയോകള്‍ സൃഷ്ടിക്കും. ഏത് ആസ്പെക്റ്റ് റേഷ്വോയിലുമുള്ള ഇമേജ് ഇന്‍പുട്ടുകള്‍ ഒമ്നിഹ്യൂമണ്‍ സ്വീകരിക്കും. പോട്രൈറ്റ് ആയാലും ഹാഫ്-ബോഡിയായാലും ഫുള്‍-ബോഡിയായാലും ചിത്രങ്ങള്‍ സ്വീകരിക്കും. ഇത് ഉപയോഗിച്ച് ജീവനുള്ള വീഡിയോകള്‍ ഒമ്നിഹ്യൂമണ്‍-1 ഉപഭോക്താക്കള്‍ക്ക് നല്‍കും എന്നാണ് ടൂള്‍ സംബന്ധിച്ചുള്ള ഒരു പഠനത്തില്‍ പറയുന്നതെന്ന് ഫോബ്സിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
ഒമ്നിഹ്യൂമണ്‍-1 എഐ ടൂളിന്റെ മികവ് എത്രത്തോളമുണ്ട് എന്ന് കാണിക്കാന്‍ ഉദാഹരണ വീഡിയോ ഒമ്നിഹ്യൂമണ്‍-1ന്റെ പ്രൊജക്റ്റ് പേജില്‍ നല്‍കിയിട്ടുണ്ട്. വിഖ്യാത ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ ഒരു ചിത്രം ഉപയോഗിച്ച് അദേഹം ക്ലാസെടുക്കുന്ന വീഡിയോ സൃഷ്ടിച്ചതിന്റെ സാമ്പിള്‍ ഒമ്നിഹ്യൂമണ്‍ പങ്കുവെച്ചു. ഐൻസ്റ്റൈന് സംസാരിക്കുന്നതിന് പുറമെ, അദേഹത്തിന്റെ കൈകളുടെ ചലനവും ഇമോഷന്‍സും വ്യക്തമാവുന്ന തരത്തിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.