പെർത്ത്: സി.എൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യചിത്രമായ ‘സ്വർഗത്തിന് ഓസ്ട്രേലിയയിൽ വൻ വരവേൽപ് നൽകാനുള്ള ഒരുക്കത്തിലാണ് പ്രവാസി മലയാളികൾ. മലയാളികൾ ഏറെയുള്ള നഗരങ്ങളായ പെർത്തിലും ബ്രിസ്ബെയ്നിലും സിനിമയുടെ ആദ്യ ഷോയുടെ എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞു.
പെർത്തിലെ ഇന്നലു ഇവൻ്റ് സിനിമാസിൽ ഇന്ന് രാത്രി ഒൻപതിനാണ് ആദ്യ ഷോ, തുടർന്ന് മൂന്ന് ദിവസങ്ങളിലും (നവം: 9, 11, 12) രാത്രി ഒൻപത് മണിക്ക് ഷോയുണ്ടായിരിക്കും. പെർത്തിൽ ഒരു തീയറ്ററിലെ ബുക്കിങ് പൂർണമായതോടെ ഇവിടെത്തന്നെ രണ്ടാമതൊരു തീയറ്ററിൽ കൂടി ഇന്ന് രാത്രി 8.50-ന് ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ക്വീൻസ് ലൻഡിലെ ബ്രിസ്ബെയ്നിലുള്ള മൗണ്ട് ഗ്രാവറ്റ് ഇവൻ്റ് സിനിമാസിലും ‘സ്വർഗത്തിൻ്റെ ആദ്യ ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. ഇന്നു രാത്രി ഒൻപതിനാണ് ആദ്യ ഷോ തുടർന്നുള്ള മൂന്നു ദിവസങ്ങളിലും ഷോയുണ്ടായിരിക്കും നവംബർ 9 ശനിയാഴ്ച്ച വൈകുന്നേരം അഞ്ച്, ഞായർ വൈകുന്നേരം അഞ്ച്, ചൊവ്വാഴ്ച്ച രാത്രി ഒൻപത് എന്നിങ്ങനെയാണ് പ്രദർശന സമയം.
വിക്ടോറിയയിൽ സൺഷൈൻ വില്ലേജ് സിനിമാസ്, ന്യൂ സൗത്ത് വെയിൽസിൽ വുലങ്ങോങ് ഗാല സിനിമാസ്, ലിവർപൂൾ ഇവന്റ്റ് സിനിമാസ് എന്നിവിടങ്ങളിലാണ് ഷോയുള്ളത്. സൗത്ത് ഓസ്ട്രേലിയയിൽ ഇവന്റ് സിനിമാസ് മാരിയോണിലാണ് സ്വർഗം പ്രദർശിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും വൈകാരിക മുഹൂർത്തങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ചിത്രത്തെ ഓസ്ട്രേലിയയിലെ മലയാളികളും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.അജു വർഗീസിനും ജോണി ആന്റണിക്കുമൊപ്പം അനന്യ, മഞ്ജു പിള്ള ,ജോണി ,സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടരനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതപശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം പാലായിലെ കുഠിനാധ്യാനികളായ ക്രൈസ്തവരുടെ ഇടയിലെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും ദൈവവിശ്വാസവും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നല്ല കലാസൃഷ്ടികളും മികച്ച സിനിമകളും നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട സിഎൻ ഗ്ലോബൽ മൂവീസ് ടീമിൻ്റെ ആദ്യ ചിത്രമാണ് ‘സ്വർഗം’.റെജിസ് ആന്റണിയാണ് സംവിധായകൻ. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആൻ്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റേ്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സംഗീതം. പ്രാശസ്ത ഗായകരായ വിജയ് യേശുദാസ്, കെ എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ഗായകരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.