കീവ്: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച യുക്രൈൻ – റഷ്യ യുദ്ധത്തിന് ഇന്ന് മൂന്ന് വർഷം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ സംഘർഷം ആണ് ഈ യുദ്ധം.
യുക്രൈനിൽ പൂർണ അധിനിവേശം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ യുദ്ധത്തിൽ വിജയത്തിന്റെ അടുത്തെത്താൻ പോലും റഷ്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. റഷ്യൻ മുന്നേറ്റം തടയാനും കനത്ത പ്രത്യാക്രമണങ്ങൾ നടത്താനും ഇന്ന് യുക്രൈന് കഴിയുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയോടെ യുക്രൈൻ ഏറെ കരുത്തരായി. ആഗോള രാഷ്ട്രീയത്തിലെ ശ്രദ്ധേയ വ്യക്തിത്വമായി യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി മാറി.
റഷ്യയ്ക്ക് പട്ടാളക്കാരും കൂലിപ്പട്ടാളക്കാരും അടക്കം ഒന്നര ലക്ഷം പേരെയെങ്കിലും ഈ യുദ്ധത്തിൽ നഷ്ടമായി എന്നാണ് കണക്ക്. സൈനികർ അടക്കം 60,000 പേരെങ്കിലും യുക്രൈൻ പക്ഷത്ത് കൊല്ലപ്പെട്ടു. 60 ലക്ഷം പേർ യുക്രൈനിൽ അഭയാർഥികളായി വീട് വിട്ടു. യുദ്ധം ആഗോള രാഷ്ട്രീയത്തെ തന്നെ മാറ്റിമറിച്ചു.
റഷ്യയും പാശ്ചാത്യ രാജ്യങ്ങളും ഇരു ചേരികളിലായി അണിനിരന്നു. റഷ്യയ്ക്ക് മേൽ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധങ്ങൾ ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിച്ചു. യുഎസും റഷ്യയും തമ്മിലുള്ള ഉന്നതതല ചർച്ചകളിൽ ആണ് ഇപ്പോഴത്തെ സമാധാന പ്രതീക്ഷകൾ. യുക്രൈനും യൂറോപ്യൻ രാജ്യങ്ങളും ഈ ചർച്ചയുടെ ഭാഗമായിരുന്നില്ല. എങ്കിലും യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചേർന്ന് പ്രവർത്തിക്കാൻ ഉള്ള ട്രംപിന്റെ തീരുമാനം ഗുണം ചെയ്തേക്കുമെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നു. മൂന്നു വർഷം പൂർത്തിയാകുമ്പോൾ ഈ യുദ്ധം ഇനിയും നീളാതിരിക്കട്ടെ എന്ന ആഗ്രഹത്തിനു തന്നെയാണ് ലോക രാജ്യങ്ങൾക്കിടയിൽ മുൻതൂക്കം.