ലണ്ടൻ : ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം നഗരത്തില്‍ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ 4 മണിക്ക് ശേഷമായിരുന്നു സംഭവം.
നോട്ടിംഗ്ഹാം സിറ്റി സെന്ററിന് പടിഞ്ഞാറുള്ള ഇല്‍കെസ്റ്റണ്‍ റോഡില്‍ യുവാവിനെയും യുവതിയേയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് ചില ദൃക്സാക്ഷികള്‍ പറയുന്നു. പിന്നാലെ മഗ്ദല റോഡിലും ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ എങ്ങനെ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല.
ഇതിനിടെ മില്‍ട്ടണ്‍ സ്ട്രീറ്റില്‍ വാനിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വാൻ ഇവര്‍ക്ക് നേരെ ബോധപൂര്‍വം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി അറിയിച്ച പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന 31കാരനെ അറസ്റ്റ് ചെയ്തു.
സംഭവത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിറ്റക്ടീവുകളുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ആക്രമണങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നോട്ടിംഗ്ഹാം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചു.