ഇങ്ങനെയൊരു അളിയനും അളിയനും നമ്മുടെ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രം കണ്ട് പുറത്തിറങ്ങിയ ഒരു മുതിര്‍ന്ന പ്രേക്ഷക പറഞ്ഞ വാക്കുകളാണ് ഇവ. അത്തരത്തിലുള്ള രസകരമായ കെമിസ്ട്രിയാണ് ചിത്രത്തില്‍ അളിയന്മാരായെത്തിയ പൃഥ്വിരാജി സുകുമാരന്റെയും ബേസില്‍ ജോസഫിന്റെയും. ആനന്ദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ വിനു എന്നാണ് ബേസില്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.
‘ജയ ജയ ജയ ജയ ഹേ’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഏത് പ്രായക്കാര്‍ക്കും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആസ്വദിക്കാവുന്ന ക്ലീന്‍ എന്റര്ടെയ്നര് ആണ് ചിത്രം. പൃഥ്വിരാജ്- ബേസില്‍ കോമ്പിനേഷന്‍ ചിത്രത്തില്‍ എങ്ങനെ വരുമെന്ന് ട്രെയ്ലര് ഇറങ്ങിയ സമയം മുതലേ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ട്രെയ്ലറില് കണ്ടതൊക്കെ വെറും സാമ്പിൾ മാത്രമാക്കി അതിന്റെ പതിന്മടങ്ങ് ചിരിയുടെ കെട്ടാണ് പൃഥ്വിരാജും ബേസിലും കൂടി സിനിമയുടെ ആദ്യ പകുതിയിൽ തന്നെ അഴിച്ചു വിടുന്നത്. ഇരുവരും സ്ക്രീനിൽ ഒന്നിച്ചു വരുമ്പോഴേ പ്രേക്ഷകരുടെ കൈയടി തുടങ്ങും. പിന്നീട് അളിയന്മാരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ‘കൊടുക്കൽ വാങ്ങലുകൾ’ കൂടുമ്പോൾ കൈയടിയും പൊട്ടിച്ചിരിയും ഉച്ചസ്ഥായിയിലേക്കെത്തും.
ഹെവി കഥാപാത്രങ്ങളിൽ നിന്ന് ഒരു സാധാരണക്കാരനായ കഥാപാത്രത്തിലേക്ക് എത്തിയപ്പോള്‍ പ്രകടനത്തില്‍ വിസ്മയിപ്പിച്ചിട്ടുണ്ട് പൃഥ്വി. കോമഡി അനായാസം കൈകാര്യം ചെയ്തിരിക്കുന്ന പൃഥ്വി നിരവധി രംഗങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം ബേസിലും നിന്നിട്ടുണ്ട്. തന്റെ ഏറ്റവും സേഫ് ആൻഡ് സ്ട്രോങ് സോണിൽ ഈ കാലഘട്ടത്തിൽ മലയാള സിനിമയിൽ ബേസിലിന് വെല്ലുവിളി ഉയർത്താൻ മറ്റൊരു നടനും ഇല്ല എന്ന അടിവരയിടുന്ന പ്രകടനമാണ് ബേസിൽ കാഴ്ച്ച വച്ചിരിക്കുന്നത്.
ദീപു പ്രദീപ് ആണ് ‘ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നീരജ് രവി, എഡിറ്റര്‍ ജോണ്‍ കുട്ടി, സംഗീതം അങ്കിത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്, സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണി.