മുംബൈ: ബോക്സോഫീസിലെ കിംഗ് എന്ന് ഉറപ്പിക്കുന്ന പ്രകടനവുമായി മൂന്നാം നാള് ഷാരൂഖിന്റെ ജവാന്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയെന്നാണ് റെഡ് ചില്ലീസ് അറിയിക്കുന്നത്. മൂന്ന് ദിവസത്തില്‍ ചിത്രം ആഗോള വ്യാപകമായി നേടിയത് 384.69 കോടിയാണ്.
ഇതോടെ ചിത്രം മുടക്കുമുതലിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടിയെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യദിനത്തില്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 129.6 കോടി ആയിരുന്നു. രണ്ടാം ദിനത്തില്‍ അത് 110 കോടിക്ക മുകളിലായിരുന്നു കളക്ഷന്‍. എന്നാല്‍ കളക്ഷന്‍ ചെറിയ തോതില്‍ താഴോട്ട് പോയതില്‍ ആശങ്ക വേണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയത്. അത് ശരിവയ്ക്കുന്ന പ്രകടനമാണ് വാരന്ത്യത്തിന്റെ തുടക്കമായ ശനിയാഴ്ച ഉണ്ടായത്. 147 കോടിയാണ് ചിത്രം ആഗോള വ്യാപകമായി നേടിയത്.
ഞായറാഴ്ച ഇതിനകം ബുക്കിംഗ് ആപ്പ് കണക്കുകള്‍ പ്രകാരം റെക്കോഡ് കളക്ഷനാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്കാള്‍ ഹിന്ദി മേഖലയിലാണ് വന്‍ കളക്ഷന്‍ നേടുന്നത്. അതിനാല്‍ തന്നെ വരും ദിവസങ്ങള്‍ സിംഗിള്‍ സ്ക്രീനുകളില്‍ അടക്കം ചിത്രത്തിന്റെ പ്രകടനം നിര്‍ണ്ണായകമാണ്.