പ്രാവുകളെ ഉപയോഗിച്ച് വീടുകളിലെ പൂട്ട് തകർത്ത് മോഷണം നടത്തിയിരുന്ന 38-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജുനാഥ് എന്നയാളാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയായ ഇയാൾ ബെംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50-ഓളം മോഷണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന് പൊലീസ് സംശയിക്കുന്നു.
പൊലീസ് പറയുന്നത്:
‘മഞ്ജുനാഥിന്റെ മോഷണരീതി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. മോഷണം നടത്താനായി തിരഞ്ഞെടുത്ത വീടുകളിൽ ഇയാൾ പ്രാവുകളെയും കൂടെ കൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളായിരുന്നു ഇയാളുടെ ലക്ഷ്യം.
ഒരു ലക്ഷ്യം കണ്ടെത്തിയാൽ, ഒന്നോ രണ്ടോ പ്രാവുകളെ കെട്ടിടത്തിന് സമീപം വിടുകയായിരുന്നു പതിവ്. പലപ്പോഴും പക്ഷികൾ വീടുകളുടെ മേൽക്കൂരയിലോ ബാൽക്കണിയിലോ പറന്നുകയറും. ഇത് ആളുകളുടെ ശ്രദ്ധ ആകർഷിക്കുമായിരുന്നു. എന്നാൽ പ്രാവിനെ കണ്ട് ആരെങ്കിലും ചോദിച്ചാൽ, തന്റെ പ്രാവുകളെ പിടിക്കാൻ വന്നതാണെന്നാണ് മഞ്ജുനാഥ് പറയാറുണ്ടായിരുന്നു.
ഇങ്ങനെ ലക്ഷ്യം വെച്ച വീട് തിരിച്ചറിഞ്ഞ ശേഷം, ഇരുമ്പ് വടി ഉപയോഗിച്ച് മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കടക്കും. തുടർന്ന് അലമാരകളും മറ്റും തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചെടുക്കും. മോഷ്ടിച്ച സാധനങ്ങൾ ഹൊസൂരിൽ വിൽപന നടത്തുമായിരുന്നു.
മഞ്ജുനാഥ് നേരത്തെ പലതവണ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും ക്രിമിനൽ പ്രവർത്തനങ്ങൾ തുടർന്നു. ഇയാളുടെ ഏറ്റവും പുതിയ അറസ്റ്റ് സിറ്റി മാർക്കറ്റ്, അൾസൂർ ഗേറ്റ് പ്രദേശങ്ങളിലെ നാല് മോഷണക്കേസുകൾ തെളിയിക്കാൻ സഹായിച്ചു’.
മഞ്ജുനാഥ് ഒറ്റയ്ക്കാണ് ജോലി ചെയ്തിരുന്നതെന്നും പകൽ സമയത്ത് ആളുകൾ ജോലിക്ക് പോകുമ്പോഴാണ് മോഷണം നടത്തിയിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷണ പരമ്പരയിലെ സുപ്രധാനമായ വഴിത്തിരിവാണ് മഞ്ജുനാഥിന്റെ അറസ്റ്റ്. ഇയാളുടെ മുൻ ഓപ്പറേഷനുകളിൽ നിന്ന് കൂടുതൽ മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.