കൊച്ചി: മലയാളത്തില്‍ എണ്ണം പറഞ്ഞ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവും, അതിലുപരി മലയാളിക്ക് പ്രിയപ്പെട്ട ഷെഫുമായിരുന്നു നൗഷാദ്. അതിനാല്‍ തന്നെ നൗഷാദിന്റെ വിയോഗം അന്ന് കേരളത്തിലെ സിനിമ പ്രേമികള്‍ക്കും രുചി പ്രേമികള്‍ക്കും ഒരു പോലെ സങ്കടം ഉണ്ടാക്കിയിരുന്നു. 2021 ലാണ് നൗഷാദ് അന്തരിച്ചത്. അതിന് മുന്‍പ് അദ്ദേഹം അസുഖ ബാധിതനായിരുന്നു. അദ്ദേഹത്തിന് മുന്‍പ് ഭാര്യ ഷീബയും അന്തരിച്ചിരുന്നു. ഇപ്പോള്‍ നൗഷാദിന്റെ മകള്‍ നിശ്വ നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അച്ഛനും അമ്മയുടെയും മരണത്തിന് ശേഷം തന്റെ സംരക്ഷണം ഏറ്റെടുത്ത ബന്ധുക്കള്‍ തന്റെ പിതാവിന്റെ ബിസിനസും സ്വത്തുക്കളും തട്ടിയെടുത്തെന്നാണ് നിശ്വ നൗഷാദ് ആരോപിക്കുന്നത്. തനിക്ക് വിദ്യാഭ്യാസ ചിലവിന് പോലും പണം നല്‍കുന്നില്ലെന്ന് നിശ്വ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാര്‍ഡിയന്‍ഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസ്നസും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുകയാണെന്നാണ് നിശ്വ നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണം.
മലയാളി ലൈഫ് എന്ന പേജില്‍ വന്ന നൗഷാദിന്റെ മകള്‍ നിശ്വ നൗഷാദിന്റെ ജീവിതം അമ്പരപ്പിക്കും എന്ന വാര്‍ത്തയും നിശ്വ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് തിരുവല്ല പൊലീസിന് നിശ്വ അയച്ച പരാതിയും കമന്റ് ബോക്സില്‍ നല്‍കിയിട്ടുണ്ട്.