ഇടുക്കി: ക്രിസ്തുമസ് – ന്യൂ ഇയര്‍ അവധി ദിനങ്ങൾ ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കഴിഞ്ഞ പത്തു ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പേരാണ് ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. വാഗമണ്ണിലേക്കാണ് ഇത്തവണ സഞ്ചാരികൾ കൂടുതലെത്തുന്നത്. ക്രിസ്തുമസ് – പുതുവത്സര സമയത്തെ കുളിര് തേടിയാണ് ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്.
വാഗമൺ, തേക്കടി, മൂന്നാർ, ഇടുക്കി, രാമക്കൽമേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. ഡിടിപിസിയുടെ കീഴിലുള്ള ഒൻപത് കേന്ദ്രങ്ങളിൽ മാത്രം പത്ത് ദിവസം കൊണ്ടെത്തിയത് രണ്ടര ലക്ഷത്തോളം പേർ. തേക്കടി ഇരവികുളം എന്നിവിടങ്ങളിലും ആയിരകണക്കിനു പേരെത്തുന്നുണ്ട്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്, പാഞ്ചാലിമേട്, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വാഗമണ്ണിലെ പൈൻ കാടും അഡ്വഞ്ചർ പാർക്കുമൊക്കെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. പ്രകൃതി സൗന്ദര്യത്തിനൊപ്പം സാഹസിക വിനോദ ഉപാധികളും ഏറെ ആകർഷിക്കുന്നുണ്ട്. അഞ്ചു ദിവസം കൊണ്ട് ഒന്നേകാൽ ലക്ഷം പേരാണ് വാഗമൺ കണ്ട് മടങ്ങിയത്. ഗ്ലാസ് പാലം കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്. പുതുവത്സരം ആഘോഷിക്കാനും ഇടുക്കിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്നാണ് വിനേദ സഞ്ചാര വകുപ്പിന്റെ കണക്കു കൂട്ടൽ.