പാലക്കാട്: വാളയാർ കേസില്‍ അഡ്വ. കെ പി സതീശനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പെൺകുട്ടികളുടെ അമ്മ. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. പ്രതികളുടെ നുണ പരിശോധന താൻ കോടതിയിൽ എതിർത്തുവെന്നത് അവാസ്തവമാണ്. കേസ് അട്ടിമറിക്കാൻ കെ പി സതീശൻ ശ്രമിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്റെ ചുമതലകളിൽ നിന്ന് കെ പി സതീശനെ നീക്കണമെന്നും തനിക്ക് വിശ്വാസമുള്ള മറ്റൊരാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ പി സതീശന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.