ഡൽഹി: കാമുകിയെ കാണിക്കാൻ വേണ്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ യുവാവിന് തന്നെ വിനയായി. ഫോട്ടോ കണ്ടെ യുവാവിനെ തെരഞ്ഞെത്തിയ പൊലീസുകാർ ഇയാളെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോവുകയും ചെയ്തു. ഡൽഹിയിലെ ദക്ഷിൺപുരിയിലാണ് സംഭവം.
തോക്കും പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് യുവാവാണ് 20 വയസുകാരനായ ഹർഷ് എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഫോട്ടോ ഡൽഹി സൗത്ത് ഡിസ്ട്രിക്ട് പൊലീസിന് കീഴിലുള്ള ആന്റി-ഓട്ടോ തെഫ്റ്റ് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. അനധികൃത ആയുധങ്ങളാണിവയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇത് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പൊതുജനത്തിന് ഭീഷണിയാവുന്ന എന്തെങ്കിലും കുറ്റകൃത്യത്തിനോ ഉള്ള സാധ്യത കൂടി കണക്കിലെടുത്ത് ഇൻസ്പെക്ടർ ഉമേഷ് യാദവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് തെരച്ചിൽ തുടങ്ങി.
അധികം വൈകാതെ പൊലീസ് ഹർഷിനെയും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാവാത്ത ആളെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശം രണ്ട് നാടൻ തോക്കുകളും വെടിയുണ്ടകളും ഉണ്ടായിരുന്നു. ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുന്നതായി പൊലീസ് പറഞ്ഞു