ലഖ്നൗ: ഉത്തർപ്രദേശിലെ ഝാൻസി-ലളിത്പൂർ ദേശീയ പാതയിലെ ബബിനയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. റോട്ടിൽ നിന്ന ഒരു തെരുവ് നായക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിൽ ഇടിച്ചതാകാമെന്ന് പൊലീസ് പറയുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങവെയാണ് കരൺ വിശ്വകർമയും മറ്റ് രണ്ട് കൂട്ടുകാരും അപകടത്തിൽപ്പെട്ടത്. പ്രദ്യുമ്ന സെൻ, പ്രമോദ് യാദവ് എന്നിവരാണ് മറ്റു രണ്ട് പേർ. ലളിത്പൂരിലെ വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ മൂന്ന് പേരും. ചർഗാവിലേക്കായിരുന്നു മടക്കം.
വൈകുന്നേരം ആറരയോടെ ബബിന ടോൾ പ്ലാസയ്ക്ക് സമീപത്തെത്തിയ ഇവരുടെ വാഹനത്തിനു മുന്നിലേക്ക് പെട്ടെന്ന് ഒരു നായ്ക്കുട്ടി വന്ന് നിന്നു. ഇതിനെ രക്ഷിക്കാനായി ബ്രേക്ക് ചവിട്ടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് പായുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട കാർ ചെന്നിടിച്ചതാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സംഭവത്തിൽ കാർ പൂർണമായും തകർന്നു. കൊല്ലപ്പെട്ടവരെല്ലാം 20നും 25നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്ന് പൊലീസ് പറഞ്ഞു. ജെസിബിയുടെ സഹായത്തോടെയാണ് കാറിന്റെ തകർന്ന ഭാഗങ്ങൾ മുഴുവനായി മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.