പത്തനംതിട്ട: പത്തനംതിട്ടയിലെ മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയുമാണ് ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. മധുവിധു ആഘോഷിക്കാൻ വിദേശത്തേക്ക് പോയ മക്കളെയും അവരെ തിരികെ വിളിക്കാൻ പോയ ഉറ്റവരെയും നഷ്ടപ്പെട്ടവരുടെ വേദന വീടുകളിൽ തളംകെട്ടി നിൽക്കുകയാണ്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിൽ 15 ദിവസം മുമ്പ് വിവാഹിതരായ നിഖിലിൻ്റെയും അനുവിൻ്റെയും വേർപാട് ഒരു നാടിൻ്റെയാകെ ഉള്ളുലച്ചു. മരിച്ച 4 പേരുടേയും സംസ്കാരം ബുധനാഴ്ച നടക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പത്തനംതിട്ടയിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
സ്വപ്നം കണ്ട ജീവിതം അവർ ജീവിച്ചു തുടങ്ങിട്ട് ദിവസങ്ങൾ മത്രമേ ആയിട്ടുള്ളൂ. കൊതിച്ചു കാത്തിരുന്ന ദിനങ്ങളുടെ സന്തോഷത്തിലായിരുന്നു നിഖിലും അനുവും. പക്ഷേ എല്ലാ സന്തോഷങ്ങളും ഇന്ന് പുലർച്ചെയുണ്ടായ അപകടം കവർന്നെടുത്തു. മധുവിധു കഴിഞ്ഞ് മലേഷ്യയിൽ നിന്നുള്ള മടങ്ങിവരവ് രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നിഖിലിനേയും അനുവിനേയും കൂട്ടാൻ എയർപോർട്ടിൽ എത്തിയത് മത്തായി ഈപ്പനും ബിജു പി ജോർജുമായിരുന്നു. ഇവരെ കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് 4 പേരുടെയും ചേതനയറ്റ ശരീരങ്ങളാണ്. മല്ലശ്ശേരി സ്വദേശികളായ അനു, നിഖിൽ, ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്.
നവംബർ 30നാണ് നിഖിലിൻ്റയും അനുവിൻ്റെയും വിവാഹം കഴിഞ്ഞത്. അതും 8 വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ. അനുവിൻ്റെ പിറന്നാൾ വരികയാണ്. ഒരുമിച്ചുള്ള ആദ്യ ജൻമദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നിരിക്കും നിഖിൽ. പ്രത്യാശയുടെ ഈ ക്രിസ്മസ് കാലത്ത് രണ്ട് വീടുകൾക്ക് മുന്നിലും ക്രിസ്മസ് ട്രീകൾ ഉണ്ട്. പക്ഷേ അത് അലങ്കരിച്ചവരുടെ മുഖങ്ങളിൽ ഇന്ന് ആ പ്രത്യാശയില്ല.
അതേസമയം, സംഭവത്തിൽ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് എഫ്ഐആർ. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവ സ്ഥലത്ത് സ്ഥിരമായി അപകടം നടക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് കാര്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാവിലെ നാലരയോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നിരത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ നവംബർ 30 നായിരുന്നു അനുവിന്റെയും നിഖിലിന്റെയും വിവാഹം.
എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മധുവിധു ആഘോഷിക്കാൻ മലേഷ്യയിലേക്ക് പോയി മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയതായിരുന്നു ബിജു ജോർജും മത്തായി ഈപ്പനും. നിഖിലിന്റെ അച്ഛനാണ് മത്തായി ഈപ്പൻ. അനുവിന്റെ പിതാവാണ് ബിജു ജോർജ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖിൽ കഴിഞ്ഞ മാസം 25നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. കാർ അമിതവേഗത്തിൽ വന്നിടിച്ചു എന്നാണ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവർ സതീഷ് പറയുന്നത്. കാർ വരുന്നത് കണ്ട് വേഗം കുറച്ച് വശത്തേക്ക് വാഹനം ഒതുക്കി. പക്ഷേ കാർ ഇടിച്ചു കയറി. ബസ് സാധാരണ വേഗത്തിൽ മാത്രമായിരുന്നുവെന്നും ഡ്രൈവർ സതീഷ് വ്യക്തമാക്കി. ബസ്സിൽ ഉണ്ടായിരുന്നത് ഹൈദരാബാദ് സ്വദേശികളായ 19 തീർഥാടകരാണ്. ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയാണ്.