ചേർത്തല: കരപ്പുറത്തെ കറിവേപ്പില ഇനി വിദേശ രാജ്യങ്ങളിലേക്ക്. ചേർത്തല നിയമസഭാ മണ്ഡലത്തിലെ കർഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച കരപ്പുറം ഗ്രീൻസ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ആണ് ചേർത്തല നഗരസഭയിലേയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലേയും കർഷകരിൽ നിന്നും ശേഖരിച്ച 500 കിലോ കറിവേപ്പില ആദ്യമായി വിദേശത്തേക്ക് കയറ്റി അയക്കുന്നത്.
ആഴ്ചയിൽ രണ്ടു പ്രാവശ്യം കറിവേപ്പില കരപ്പുറം ഗ്രീൻസ് വിദേശത്ത് എത്തിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വിദേശത്തേക്ക് കയറ്റി അയക്കുവാൻ കരപ്പുറം ഗ്രീൻസിനെ കരാർ ലഭിച്ചിട്ടുണ്ട്. ആഴ്ചയിൽ 1500 കിലോ പച്ചക്കറിയാണ് കയറ്റി അയക്കുവാനാണ് നിലവിൽ ഓർഡർ എടുത്തിട്ടുള്ളത്. പച്ചക്കറിയുടെ ലഭ്യത കുറവാണ് കൂടുതൽ അയക്കുവാൻ കഴിയാത്തത്. ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് മികച്ച വില കർഷകർക്ക് ലഭിക്കുവാൻ വേണ്ടിയാണ് സ്ഥാപനം ആരംഭിച്ചത്.
നിലവിൽ കർഷകരിൽ നിന്ന് 40 രൂപ നിരക്കിലാണ് കറിവേപ്പില വാങ്ങുന്നത്. മറ്റ് പച്ചക്കറി ഉൽപ്പന്നങ്ങൾക്കും മികച്ച വില കർഷകർക്ക് ഇവിടെ നിന്ന് ലഭിക്കുന്നു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കർഷകർ പച്ചക്കറി മതിലകത്തെ കരപ്പുറം ഗ്രീൻസ് ഓഫീസിൽ എത്തിക്കുന്നുണ്ട്. ഇവിടെനിന്ന് വ്യാപാരികളാണ് ഇപ്പോൾ വാങ്ങിക്കൊണ്ടുപോകുന്നത്. നിലവിൽ 30 കർഷകർ ചേർന്നാണ് കരപ്പുറം ഗ്രീൻസ് ആരംഭിച്ചത്.
ഓണത്തോടടുത്ത് 13,000 കർഷകരെ ഇതിൽ അംഗങ്ങളാക്കുവാനാണ് നീക്കം. അതോടുകൂടി ആഴ്ചയിൽ 5000 കിലോ പച്ചക്കറികൾ കയറ്റി അയയ്ക്കും. പ്രസിഡന്റ് വി എസ് ബൈജു വലിയവീട്ടിൽ, സെക്രട്ടറി ഷിനാസ്, ഖജാന്‍ജി സുഭാഷ്, തണ്ണീർമുക്കം കൃഷി ഓഫീസർ ജോസഫ് ജഫ്രി എന്നിവർ സംഘത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.