ഇന്ത്യയിൽ സ്കൂള്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2023നെ അപേക്ഷിച്ച് 2024ല്‍ സ്കൂള്‍ പ്രവേശനം നേടിയവരില്‍ 37 ലക്ഷം കുട്ടികളാണ് കുറഞ്ഞത്. ഇതില്‍ ഭൂരിഭാഗം പേരും പിന്നാക്ക, ദളിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2022-2023 അദ്ധ്യയന വര്‍ഷം 2 കോടി 56 ലക്ഷം കുട്ടികളാണ് സ്കൂള്‍ പ്രവേശനം നേടിയത്. എന്നാൽ 2023-2024 വര്‍ഷത്തില്‍ ഇത് 2 കോടി 48 ലക്ഷമായി കുറഞ്ഞു. 2023നെ അപേക്ഷിച്ച് 2024ല്‍ സ്കൂളില്‍ പ്രവേശനം നേടിയ മുസ്ളീം സമുദായത്തില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിന്റെ കുറവാണ് വന്നത്. സ്കൂള്‍ പ്രവേശനം നേടിയ കുട്ടികളില്‍ പിന്നാക്ക സമുദായത്തില്‍ നിന്ന് 2.5 മില്ല്യണ്‍, ദളിത് സമുദായത്തില്‍ നിന്ന് 1.2 മില്ല്യണ്‍ കുട്ടികളും കുറഞ്ഞു.
സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല എന്നതുകൂടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 5000ത്തിലധികം പുതിയ സ്കൂളുകളാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം കൂടുതലായി തുറന്നത്. ഇതില്‍ ഏറെയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 2023ല്‍ രാജ്യത്താകെ ഉണ്ടായിരുന്നത് 1.46 മില്ല്യണ്‍ സ്കൂളുകളായിരുന്നു. 2024ല്‍ ഇത് 1.47 മില്ല്യണ്‍ ആയി കൂടിയിട്ടുണ്ട്. യൂണൈറ്റഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഈ കണക്കുകള്‍ തയ്യാറാക്കിയത്.