സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ പൊക്കിൾക്കൊടി വേർപിരിയാത്ത നാലു ദിവസം മാത്രം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മായാ മുദ്ര പതിപ്പിച്ച ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാന്റിങും ചെസ് ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദയുടെ വെള്ളിത്തിളക്കത്തിന്റെയും ദിവസമായിരുന്നു അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തിയത്.വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അമ്മത്തൊട്ടിലിൽ ലഭിച്ച വിശിഷ്ടാതിഥിക്ക് ‘പ്രഗ്യാൻ ചന്ദ്ര’ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ വികസിപ്പിച്ച് രാജ്യം അഭിമാനം കൊണ്ട ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ൻറെ ഭാഗമായ റോവറിൻറെ ഓർമ്മയ്ക്കായും ചെസ് താരം പ്രഗ്നാനന്ദയോടുള്ള ആദരവിന്റെ സൂചനയായുമാണ് കുഞ്ഞിന് ഈ പേര് നല്‍കിയത്.
കുരുന്നുകൾ ഉപേക്ഷിക്കപ്പെടുമ്പോൾ ഏറ്റുവാങ്ങാൻ സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഇക്കഴിഞ്ഞ ജനുവരിയിൽ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തി ക്കൊണ്ടുള്ള സന്ദേശം എത്തി. ഒപ്പം ബീപ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും സുരക്ഷാ ജീവനക്കാരും തൊട്ടിലിൽ ഓടിയെത്തി പരിചരണത്തിനായി ദത്തെടുക്കൽ കേന്ദ്രത്തിലെത്തിച്ച കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി 8.30-ന് തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ഇതേ ആശുപത്രിയിൽ കഴിയുകയാണ്.