സിഡ്നി: ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) സിഡ്നിയിലെ സ്വാമി നാരായൺ ഹിന്ദു മന്ദിർ-സാംസ്കാരിക കേന്ദ്രത്തിലെ മൂർത്തി പ്രതിഷ്ഠാ ചടങ്ങുകൾ ഭക്തിനിർഭരമായി. 25 ഏക്കർ വിസ്തൃതിയിലുള്ള മന്ദിറിലെ വിഗ്രഹ പ്രതിഷ്ഠാ സ്ഥാപിക്കൽ മതപരമായ ചടങ്ങുകൾക്കപ്പുറം ഭക്തിയും നിസ്വാർഥ സേവനവും ഗുരുവിന്റെ അതുല്യമായ കൃപയും ഒന്നിച്ചു ചേർന്ന സംഗമമായി മാറി.
ബിപിഎസ് ആത്മീയാചാര്യൻ ഗുരുഹരി മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യം പ്രതിഷ്ഠാ ചടങ്ങുകൾ മഹനീയമാക്കി. മഹന്ത് സ്വാമിയുടെ അനുഗ്രഹത്താൽ അക്ഷർ പുരുഷോത്തം മഹാരാജ്, ഘനശ്യാം മഹാരാജ്, രാധാ–കൃഷ്ണ ദേവ്, സീതാ–റാം, ശങ്കർ–പാർവതി, ഹനുമാൻ, ഗണേശ് എന്നിവരുടെ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചത്.ആയിരകണക്കിന് ഭക്തജനങ്ങളാണ് ഈ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. വിഗ്രഹ പ്രതിഷ്ഠകൾക്ക് അപ്പുറം ആത്മീയ പരിവർത്തനമായി, ഓസ്ട്രേലിയയിൽ സനാതന ധർമ്മത്തിന്റെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുന്ന ചരിത്രപരമായ നാഴികകല്ലായി ചടങ്ങുകൾ മാറി. ഭക്തിയുടെയും സാംസ്ക്കാരിക സംരക്ഷണത്തിന്റെയും പുതിയ യുഗം കൂടിയായി മാറി.
മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യം വിശ്വാസികളിൽ ആത്മീയ ആനന്ദമാണ് നൽകിയത്. വിഗ്രഹ പ്രതിഷ്ഠാ സ്ഥാപിക്കൽ ചടങ്ങുകളുടെ ഭാഗമായി വ്രതവും യജ്ഞങ്ങളും നടത്തി. സത്യസങ് ദീക്ഷ ഗ്രന്ഥത്തിന്റെ സംസ്കൃത പാരായണത്തിൽ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തത്. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമ്പൂർണ സമർപ്പണത്തിന്റെയും അസാധാരണമായ ചടങ്ങായിരുന്നു ഭക്തിനിർഭരമായ പാരായണം.
ബിഎപിഎസിന്റെ ആഗോള ആത്മീയ ദൗത്യത്തിലെ സുവർണ അധ്യായമായി ചരിത്രപരമായ മൂർത്തി പ്രതിഷ്ഠാ സ്ഥാപിക്കൽ മാറി. സനാതന ധർമ്മം അഭിവൃദ്ധിപ്പെടുത്തുക, ആഴത്തിലുള്ള ഭക്തി, ദൈവീക പൈതൃകത്തിലേക്ക് ഭാവി തലമുറയെ നയിക്കുക എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് ആത്മീയ ദൗത്യം. ഓസ്ട്രേലിയയിലുടനീളം 18 ക്ഷേത്രങ്ങളാണ് ബിഎപിഎസിനുള്ളത്. വ്യക്തിത്വ വികസനത്തിന്റെയും കുടുംബഐക്യത്തിന്റെയും സാമൂഹിക സൗഹാർദത്തിന്റെയും കേന്ദ്രം കൂടിയാണ് ഓരോ ക്ഷേത്രങ്ങളും. സിഡ്നിയിൽ 25 ഏക്കറിലായാണ് ബിഎപിഎസിന്റെ ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. ഒരു ക്ഷേത്രമെന്നതിനേക്കാൾ ഭാവിയെ വാർത്തെടുക്കുന്ന ആത്മിയ ശക്തികേന്ദ്രം കൂടിയാണിത്.