തിരുവനന്തപുരം: വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് പ്രദർശന അനുമതി നിഷേധിക്കുന്നതടക്കം സംസ്ഥാന സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് വിവരം. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമോപദേശം നേടിയത്. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നേരത്തെ കേരള സ്റ്റോറി സിനിമയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേ സമയം ‘ദ കേരള സ്റ്റോറിക്ക്’ സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശാനുമതി ലഭിച്ചു. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഒപ്പം ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായി സംഭാഷണങ്ങള്‍ അടക്കം പത്ത് മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ച ഭാഗങ്ങള്‍ ഇങ്ങനെയാണ്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന് വഴി അമേരിക്കയും നല്കുന്നു എന്ന സംഭാഷണം. ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന പറയുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം. അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.
ദി കേരള സ്റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വൻ തോതിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേർ സിനിമയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.
കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ സുദീപ്തോ സെൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തിൽ നിന്നും ഐഎസിൽ പോയവരുടെ എണ്ണമെന്ന് സുദീപ്തോ സെൻ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകൾ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകൻ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു.