ദില്ലി: അധ്യാപികയുടെ നിർദ്ദേശമനുസരിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസെടുത്തത്. ഏഴ് വയസുകാരനാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനമേറ്റത്. അധ്യാപികയുടെ നിർദ്ദേശ പ്രകാരം കുട്ടിയെ സഹപാഠികൾ മുഖത്തടിക്കുകയായിരുന്നു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും മർദ്ദനം തുടർന്നു. ഇതൊരാൾ ക്യാമറയിലും ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നുണ്ട്.അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രംഗതതെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. കുട്ടിയെ കണക്കറ്റ് ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.