ലഖ്നൗ: ഭക്ഷണം വിളമ്പുന്നത് വൈകിയെന്നാരോപിച്ച് വിവാഹപ്പന്തലിൽ നിന്നിറങ്ങിപ്പോയി വരനും കുടുംബവും. ഉത്തർപ്രദേശിലെ ചന്ദൗലിയിലാണ് സംഭവം. തുടർന്ന് നിശ്ചയിച്ച വിവാഹം മുടങ്ങുകയും വരൻ തൻ്റെ ബന്ധുവിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം മുടക്കാൻ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കിയെന്നാരോപിച്ച് വധുവും കുടുംബവും നീതി ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരൻ്റെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ നൽകിയതായും അവകാശപ്പെട്ടു.
ഏഴ് മാസം മുമ്പ് മെഹ്താബുമായി തൻ്റെ വിവാഹം നിശ്ചയിച്ചിരുന്നതായി വധു മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 22 ന്, വിവാഹ ഘോഷയാത്ര ഹമിദ്പൂർ ഗ്രാമത്തിലെ വീട്ടിലെത്തിയപ്പോൾ, മെഹ്താബിനും ബന്ധുക്കൾക്കും കുടുംബം ഊഷ്മളമായ സ്വീകരണം നൽകി. വിവാഹത്തിനായി രാവിലെ മുതൽ തയ്യാറായിരുന്നു. വരനും കുടുംബവും എത്തി, ഭക്ഷണം കഴിച്ചു, തുടർന്ന് സ്ഥലം വിടുന്നതിന് മുമ്പ് എൻ്റെ മാതാപിതാക്കളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നീട് ഞാൻ നീതിക്കായി പൊലീസിനെ സമീപിച്ചു- വധു പറഞ്ഞു.
വിവാഹ അതിഥികൾ ഭക്ഷണം കഴിക്കാൻ ഇരുന്നതോടെ മെഹ്താബിന് ഭക്ഷണം വിളമ്പാൻ നേരിയ താമസമുണ്ടായതായി വധു പറഞ്ഞു. സുഹൃത്തുക്കൾ തന്നെ കളിയാക്കിയതിനെ തുടർന്ന് കോപാകുലനായ വരനും കുടുംബവും വധുവിൻ്റെ വീട്ടുകാരെയും ബന്ധുക്കളെയും അധിക്ഷേപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു. ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മെഹ്താബ് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതേ ദിവസം തന്നെ മെഹ്താബ് തൻ്റെ കസിൻമാരിൽ ഒരാളെ വിവാഹം കഴിച്ചു.
മെഹ്താബിൻ്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞ വധുവും മാതാപിതാക്കളും ഡിസംബർ 23 ന് ഇൻഡസ്ട്രിയൽ നഗറിലെ പോലീസ് പോസ്റ്റിലെത്തി പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് സൂപ്രണ്ട് ആദിത്യ ലാഗെയെ സമീപിച്ചു. വരൻ്റെ ഭാഗത്തുനിന്ന് ഇരുന്നൂറോളം വരുന്ന അതിഥികൾക്ക് ഭക്ഷണം നൽകിയതിൻ്റെ പേരിൽ കുടുംബത്തിന് ഏഴുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി യുവതിയുടെ അമ്മ പരാതിയിൽ പറഞ്ഞു.
വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് 1.5 ലക്ഷം രൂപ യുവാവിൻ്റെ കുടുംബത്തിന് കൈമാറിയതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ കുടുംബത്തിന് 1.61 ലക്ഷം രൂപ നൽകുമെന്ന് രേഖാമൂലമുള്ള കരാറിൽ ഇരുകക്ഷികളും ഒപ്പുവെച്ചതായി സർക്കിൾ ഓഫീസർ രാജേഷ് റായ് പറഞ്ഞു.