വിവാഹവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടാകുന്നതും ഒടുവിൽ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ടാവാറുണ്ട്. അതുപോലെ, വിവാഹനിശ്ചയ ദിവസം തന്നെ വിവാഹം വേണ്ട എന്നുവച്ച ഒരു സംഭവമാണ് രാജസ്ഥാനിൽ ഉണ്ടായത്. മാത്രമല്ല, വരനാവൻ പോവുന്ന യുവാവിന്റെ സഹോദരന്റെ മീശ പെൺകുട്ടിയുടെ വീട്ടുകാർ ബലമായി പിടിച്ചു വടിച്ചുവെന്നും ആരോപിക്കപ്പെടുന്നു.
രാജസ്ഥാനിലെ കരൗലി ജില്ലയിലാണ് വിചിത്രമായ സംഭവവികാസങ്ങൾ അരങ്ങേറിയത്. ന്യൂസ് 18 -ൻ്റെ റിപ്പോർട്ട് പറയുന്നത്, വരന്റെ സഹോദരിക്ക് വധുവിനോട് ഇഷ്ടക്കുറവ് തോന്നിയതോടെയാണ് വരന്റെ വീട്ടുകാർ വിവാഹനിശ്ചയം നിർത്തിവയ്ക്കാൻ ആദ്യം തീരുമാനിച്ചത് എന്നാണ്. അതോടെ ഇത് തർക്കങ്ങളിലേക്കും പോയി.
പിന്നാലെ, ദേഷ്യം പിടിച്ച വധുവിന്റെ വീട്ടുകാർ വരനെ ബലമായി പിടിച്ചു നിർത്തി അയാളുടെ മീശ വടിച്ചത്രെ. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് സംഭവങ്ങൾ നടന്നത്. ചിലർ ഇത് ക്യാമറയിൽ പകർത്തുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും, സംഭവങ്ങൾക്ക് പിന്നാലെ വിവാഹം വേണ്ടെന്ന് വച്ചു.
ഇതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതോടെ വരൻ ഒരു വീഡിയോ പങ്കുവച്ചു. അതിൽ പറയുന്നത്, നേരത്തെ ഫോട്ടോയിൽ കണ്ട പെണ്ണും വിവാഹനിശ്ചയത്തിനെത്തിയ പെണ്ണും തമ്മിൽ നല്ല വ്യത്യാസമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ വിവാഹനിശ്ചയം ഇപ്പോൾ നടത്താനാവില്ല എന്നും കുറച്ചു സമയം വേണമെന്നും തന്റെ വീട്ടുകാർ ആവശ്യപ്പെട്ടു എന്നാണ് വരൻ പറയുന്നത്.
അതോടെയാണത്രെ വഴക്കായതും പിന്നാലെ വധുവിന്റെ വീട്ടുകാർ വരന്റെ സഹോദരന്റെ മീശ ബലമായി പിടിച്ചുവടിച്ചതും. മാത്രമല്ല, ഈ പ്രശ്നം പരിഹരിക്കുന്നതിനായി വധുവിന്റെ വീട്ടുകാർ പണം വാഗ്ദാനം ചെയ്തുവെന്നും യുവാവ് പറയുന്നു. എന്നാൽ, നദൗതി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് മഹേന്ദ്ര കുമാർ പറയുന്നത്, ഇതുവരെ പരാതിയുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ്.