തൃശൂര്‍: വാർധക്യത്തിൽ കൂട്ടായ പ്രിയതമന് യാത്രയായതോടെ ലക്ഷ്മി അമ്മാള്‍ വീണ്ടും തനിച്ചായി. രാമവര്‍മ്മപുരത്തെ വൃദ്ധസദനത്തില്‍ വച്ച് വിവാഹിതരായ വയോധിക ദമ്പതികളില്‍ ഭര്‍ത്താവായ കൊച്ചനിയന്റെ (82) മരണം രാമവര്‍മ്മപുരത്തെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും തീരാ നോവായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് കൊച്ചനിയിൽ കഴിഞ്ഞ ദിവസം മരണപ്പെടുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം വൃദ്ധസദനത്തില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം പതിനൊന്നരയോടെ ലാലൂരിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. 2019 ഡിസംബര്‍ 28ന് കൊച്ചനിയനും ലക്ഷ്മി അമ്മാളും വിവാഹിതരായപ്പോള്‍ അത് കേരളത്തിലെ വൃദ്ധസദനങ്ങളില്‍ നടന്ന ആദ്യ വിവാഹമായിരുന്നു.
നാലുവര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതം ആഘോഷമാക്കിയാണ് കൊച്ചനിയനും ലക്ഷ്മിയമ്മാളും കഴിഞ്ഞത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. 16-ാം വയസിലായിരുന്നു തൃശൂര്‍ പഴയനടക്കാവ് സ്വദേശി ലക്ഷ്മിയമ്മാളുടെ ആദ്യവിവാഹം. പാചക സ്വാമിയെന്നറിയപ്പെട്ട കൃഷ്ണയ്യര്‍ (48) ആയിരുന്നു ഭര്‍ത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തില്‍ നാദസ്വരം വായിക്കാനെത്തിയിരുന്ന കൊച്ചനിയന് ക്ഷേത്രദര്‍ശനത്തിന് എത്തുന്ന സ്വാമിയെയും ലക്ഷ്മിയമ്മാളിനെയും കാണാറുണ്ടായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. സൗഹൃദത്തെ തുടര്‍ന്ന് നാദസ്വരം വായന നിര്‍ത്തി സ്വാമിയുടെ പാചകസഹായിയായി. 24 വര്‍ഷം മുമ്പ് കൃഷ്ണസ്വാമി മരിച്ചു.
മക്കളില്ലാത്ത ലക്ഷ്മിയമ്മാളെ പുനര്‍വിവാഹം കഴിക്കാന്‍ കൊച്ചനിയന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. പിന്നീട് വിവാഹിതനായെങ്കിലും വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാര്യ മരിച്ചു. ഒന്നരവര്‍ഷം മുമ്പാണ് ലക്ഷ്മിയമ്മാള്‍ രാമവര്‍മ്മപുരം വൃദ്ധസദനത്തിലെത്തിയത്. അനാഥനായി നാടെങ്ങും നടക്കുകയായിരുന്ന കൊച്ചനിയന് അതിനിടെ ഗുരുവായൂരില്‍ കുഴഞ്ഞുവീണു ചികിത്സയിലായി. പിന്നീട് വയനാട് വൃദ്ധമന്ദിരത്തിലെത്തിയ കൊച്ചനിയന് ലക്ഷ്മി അമ്മാളിനെ കാണണമെന്ന് അപേക്ഷിച്ചതോടെ 2019ല്‍ രാമവര്‍മ്മപുരത്ത് എത്തിച്ചു. അങ്ങനെയാണ് കല്യാണത്തിന് വഴിയൊരുങ്ങിയത്. വൃദ്ധസദനങ്ങളില്‍ കഴിയുന്നവര്‍ക്ക് പരസ്പരം ഇഷ്ടമാണെങ്കില്‍ വിവാഹം കഴിക്കാമെന്ന് സാമൂഹിക നീതി വകുപ്പ് അനുവാദം നല്‍കിയിരുന്നു. വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വൃദ്ധസദനം സൂപ്രണ്ടുമാരുടെ യോഗത്തിലായിരുന്നു തീരുമാനം. ദമ്പതികള്‍ക്ക് താമസിക്കാന്‍ റൂം വേണമെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം കേരളത്തില്‍ നടക്കുന്ന ആദ്യ വിവാഹമായിരുന്നു ഇവരുടേത്. അതുകൊണ്ടുതന്നെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമായിരുന്നു ഇവരുടേത്. മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറായിരുന്നു വധുവിന്റെ കൈപിടിച്ചു നല്‍കിയത്. അന്നത്തെ മേയര്‍ അജിത വിജയനായിരുന്നു വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. വൃദ്ധസദനത്തിലെ അന്തേവാസികള്‍ സ്വരൂപിച്ച പണംകൊണ്ടു വാങ്ങിയ താലിമാലയാണ് അമ്മാളിന്റെ കഴുത്തില്‍ അന്ന് കൊച്ചനിയന് ചാര്‍ത്തിയത്. അജിത വിജയന്റെ നേതൃത്വത്തിലുള്ള തിരുവാതിരകളിയും, ഗായകന് സന്നിധാനന്ദന്റെ പാട്ടും വിവാഹസദ്യയുമെല്ലാം വിവാഹം ആഘോഷമാക്കി മാറ്റിയിരുന്നു.