പൂനെ: പൂനെയില്‍ മിനി ബസ് കത്തി നാലുപേര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ബസ് കത്തിച്ചത് ഡ്രൈവര്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ബുധനാഴ്ച രാവിലെ പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിലെ മിനി ബസിന് തീപിടിച്ച് നാല് ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യം പൊലീസിനെ സംശയിപ്പിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശങ്കര്‍ ഷിന്‍ഡെ (63), രാജന്‍ ചവാന്‍ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
ബസില്‍ 14 ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നിലിരുന്ന നാലുപേരാണ് മരണത്തിന് കീഴടങ്ങിയത്. മുന്നിലുണ്ടായിരുന്ന 10 പേര്‍ രക്ഷപ്പെട്ടു. ഇതില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ബെന്‍സീന്‍ ലായിനി ഉപയോഗിച്ചാണ് ഡ്രൈവര്‍ ബസ് കത്തിച്ചത്. ടോണറുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയിൽ തീപിടിപ്പിച്ച് ബസിൽ ഇടുകയായിരുന്നു. തീപടര്‍ന്നപ്പോള്‍ ഡ്രൈവര്‍ ചാടി ഇറങ്ങി. ഡ്രൈവറില്ലാതെ ഏകദേശം 200 മീറ്ററോളം മുന്നോട്ടു നീങ്ങിയ ബസ് ഒരു മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഓഫീസ് ജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ബസില്‍ കവിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ജീവനക്കാരോടുള്ള വിരോധവും തന്‍റെ ശമ്പളം വെട്ടിക്കുറച്ചതുമാണ് ഇങ്ങനെ ഒരു അതിക്രമം നടത്താനുണ്ടായ കാരണം എന്ന് ബസ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.