ന്യൂയോര്‍ക്ക്: ബലാത്സംഗ കേസില്‍ 72കാരന് 47 വര്‍ഷത്തിനു ശേഷം കുറ്റവിമുക്തനായി. 1975ല്‍ നടന്ന സംഭവത്തില്‍, ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. അമേരിക്കയിലെ ഗ്രീന്‍ബര്‍ഗിലാണ് സംഭവം. ലിയോനാര്‍ഡ് മാക്ക് എന്നയാളാണ് കുറ്റവിമുക്തനായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ലിയോനാര്‍ഡ് മാക്കിനെതിരെ ചുമത്തപ്പെട്ട കുറ്റം. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും അക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രതി ഇരുവരുടെയും കണ്ണുകളും കൈകളും കെട്ടിയാണ് അതിക്രമം നടത്തിയത്.
തൊപ്പി വെച്ച കമ്മലിട്ട കറുത്ത വംശജനാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്കി. വൈകാതെ ആഫ്രിക്കൻ അമേരിക്കക്കാരനായ ലിയോനാര്‍ഡ് മാക്കിനെ പൊലീസ് പിടികൂടി. കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ ഏഴര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു ഇക്കാലമത്രയും മാക്ക്.
മാക്ക് കുറ്റക്കാരനല്ലെന്ന് പുതിയ ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിനിടെ മറ്റൊരാള്‍ കുറ്റസമ്മതം നടത്തിയെന്ന് വെസ്റ്റ്ചെസ്റ്റര്‍ സിറ്റി കൌണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു