കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 264 ആയി ഉയർന്നപ്പോൾ 240 പേരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് സംശയം. അതേസമയം, ബെയ്ലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവർത്തകർ വടം ഉപയോഗിച്ച് ഇപ്പോൾ മറുകരയിലേക്ക് മാറുകയായിരുന്നു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.
രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.