കൊച്ചി: ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ പ്രതികരണവുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ. കമ്പനി, സംസ്ഥാന തൊഴിൽ വകുപ്പ് എന്നിവിടങ്ങളിൽ നിന്നടക്കം കേന്ദ്രമന്ത്രി റിപ്പോർട്ട് തേടി. അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിൽ നിന്നടക്കം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടൻ മന്ത്രാലയത്തിന് ലഭിക്കും. കമ്പനിയുടെ ഭാഗത്താണ് തെറ്റ് എങ്കിൽ കർശന നടപടിയുണ്ടാകുമെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
അതേസമയം, അന്നയുടെ മാതാപിതാക്കളെ സന്ദർശിച്ച് മന്ത്രിമാരും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, എം എൽ എ ഉമാ തോമസ് എന്നിവർ കൊച്ചി കങ്ങരപ്പടിയിലെ വീട്ടിലെത്തി. അതേസമയം ജോലി സമ്മര്‍ദം എങ്ങനെ നേരിടണമെന്ന് കുട്ടികളെ വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന ഹൃദയ ശൂന്യമെന്ന് എം ബി രാജേഷും കേന്ദ്രമന്ത്രി പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു. എന്നാൽ എന്നാൽ നിർമല സിതാരാമനെ വിമർശിക്കാനില്ലെന്നും പ്രാർത്ഥിക്കാനും ധ്യാനം ചെയ്യാനും ഒക്കെ എങ്ങനെ സമയം കിട്ടുമെന്നുമായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.
Anna Sebastian Perayil death