കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രാറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അത്യധികമായ ദുഖഭാരത്താലാണ് ഉത്തരവെഴുതുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ദുരന്തങ്ങൾക്ക് ശേഷവും പതിവ് അന്വേഷണമുണ്ടാകും. പരിഹാരമാർഗങ്ങൾ നിർദേശിക്കപ്പെടും. പക്ഷേ പിന്നീട് എല്ലാവരും എല്ലാം മറക്കുമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.
സംസ്ഥാനത്ത് നൂറുകണക്കിന് ബോട്ടുകൾ ടൂറിസം രംഗത്തുണ്ട്. സമാന സംഭവം എപ്പോൾ വേണമെങ്കിലും കേരളത്തിൽ എവിടെയും ആവർത്തിക്കപ്പെടാം. സംവിധാനം നോക്കുകുത്തിയായാൽ അത് എപ്പോൾ വേണമെങ്കിലും ഉണ്ടാകും. നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം, ജീവൻ ഇനിയും പൊലിയരുത്. ഇത് മുന്നിൽ കണ്ടാണ് ഇടപെടുന്നതെന്നും കോടതി പറഞ്ഞു.