തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനെ നിയമിച്ച് വിജ്ഞാനമിറങ്ങി. മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുക. നീലകണ്ഠൻ ഉണ്ണി ( റിട്ട. ചീഫ് എൻജിനീയർ ഇൻലാൻഡ് നാവിഗേഷൻ ) , സുരേഷ് കുമാർ ( ചിഫ് എൻജിനീയർ , കേരള വാട്ടർ വെയ്സ് ) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷൻ സംബന്ധിച്ച ടേം ഓഫ് റഫറൻസ് പിന്നീട് പ്രസിദ്ധീകരിക്കും.
താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.