നെഹ്റുവിനും ഇന്ദിരക്കും മൗണ്ട് ബാറ്റണു൦ ആതിഥ്യ൦ നൽകിയ പീരുമേട്ടിലെ കൊട്ടാരം ചുമതലക്കാരൻ വിട പറഞ്ഞു*
പീരുമേട്ടിലെ രാജഭരണത്തിന്റെ ചരിത്രം തലമുറകൾക്ക് പകർന്നു നൽകിയിരുന്ന തമ്പിക്കൊട്ടാരം കുഞ്ഞേട്ടന് (കെ. സി. കുരുവിള 96) നാട് വിട നൽകി. ജോലിയുടെ ഭാഗമായി വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവർക്ക് ആഥിത്യം നൽകാൻ കഴിഞ്ഞ ആളായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച കുരുവിള.
തിരുവനന്തപുരത്ത് ഉഷ്ണം സഹിക്കാനാവാതെ വരുമ്പോൾ രാജാവും രാജ്ഞിയും കാലാൾപടയോടും പരിവാരങ്ങളോടും കൂടി വേനൽക്കാല വസതിയായ കുട്ടിക്കാനത്തേക്ക് എത്തുകയും അവിടെയിരുന്ന് രാജഭരണം നടത്തുകയുമായിരുന്നു പതിവ്. ഈ കാലയളവിൽ രാജാവിൻറെ എ ഡി സി (സെക്രട്ടറി പദം) പദവിയിലിരുന്ന തമ്പി കഴിഞ്ഞിരുന്ന കൊട്ടാരത്തിന്റെ ചുമതല കാടൻ തുരുത്തേൽ കുരുവിള എന്ന കുഞ്ഞേട്ടന് ലഭിച്ചു. അങ്ങനെയാണ് കുരുവിളക്ക് തമ്പിക്കൊട്ടാരം കുഞ്ഞേട്ടൻ എന്ന വിളിപ്പേര് ലഭിച്ചത്.
രാജകുടുംബങ്ങളുടെ വിശ്വസ്തനായി മാറിയ കുരുവിളയെ ആണ് അതിഥികളെ സ്വീകരിക്കുന്നതിന് ഏർപ്പെടുത്തിയിരുന്നത്. അക്കാലത്ത് ഇന്ത്യൻ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു കൊട്ടാരത്തിലെത്തി. ഉദ്യാനത്തിലെ വിവിധയിനം പൂക്കളെ സംബന്ധിച്ച് വൈസ്രോയിക്ക് കുരുവിള വിവരിച്ചു നൽകി. ഏറെ സന്തോഷവാനായ മൗണ്ട് ബാറ്റൺ അന്ന് അഞ്ചു രൂപ കുരുവിളയ്ക്കു സമ്മാനമായി നൽകി. ഇത്തരത്തിലുള്ള ഓർമ്മകൾ കുഞ്ഞേട്ടൻ ചരിത്രാന്വേഷകർക്ക് പറഞ്ഞു നൽകിയിരുന്നു.
സ്വാതന്ത്ര്യാനന്തരം സർക്കാർ അതിഥി മന്ദിരത്തിന്റെ ചുമതലയേറ്റപ്പോഴാണ് നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുമായി ഇടപഴകുന്നതിന് അവസരം ലഭിച്ചത്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ വളരെ കൃത്യമായി കുരുവിള ഓർത്തെടുത്തിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച കുരുവിളയുടെ സംസ്കാരം വിജയപുരം സഹായ മെത്രാൻ റവ. ഡോ. ജസ്റ്റിൻ മഠത്തിൽ പറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ കുട്ടിക്കാനം വിമലഹൃദയ റോമൻ കത്തോലിക്കാ ദേവാലയത്തിൽ നടന്നു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള വൻ ജനാവലിയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.