മെൽബൺ: സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഔദ്യോഗികമായ സമാപന സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്യും.
കോട്ടയം എംപി തോമസ് ചാഴികാടൻ മുഖ്യാഥിതി ആയിരിക്കും. കെസിവൈഎൽ കോട്ടയം അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ച് സംസാരിക്കും.
മെൽബൺ സ്പ്രിംഗ്വെയിൽ ടൗൺ ഹാളിൽ വച്ച് ശനിയാഴ്ചയാണ് പത്താം വാർഷികം സമാപന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേദിവസം മൂന്നിന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷപൂർവമായ പാട്ടുകുർബാനയോടുകൂടി സമാപന സമ്മേളന പരിപാടികൾ ആരംഭിക്കും.
അന്നേദിവസം ഇടവകാംഗങ്ങൾ അണിനിരക്കുന്ന വർണാഭമായ കലാസന്ധ്യയും ദൃശ്യാവിഷ്ക്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഇടവകതലത്തിൽ മാസങ്ങളായി ഈ വർണശബളമായ കലാസന്ധ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.സമാപന സമ്മേളനമധ്യേ ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും ഇടവകാംഗങ്ങൾ, പ്രവർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച ബൈബിൾ കെെ എഴുത്തുപ്രതിയുടെ പ്രകാശനവും പത്താം വാർഷികാഘോഷങ്ങളുടെ ഓർമകൾ അയവിറക്കുന്ന സ്മരണിക സുവനീർ പ്രകാശനവും ഉണ്ടായിരിക്കും.
അതോടൊപ്പം തന്നെ, ഇടവകയിലെ കുട്ടികൾക്കായി ഒരു കിഡ്സ് കാർണിവൽ തന്നെ അണിയിച്ചൊരുക്കുന്നുണ്ട്. പോപ്കോൺ കോർണർ, ഫെയറി ഫ്ലോസ്, ബലൂൺ ഗാലറി തുടങ്ങിയ വ്യത്യസ്തമായ വേദികളും സമാപനസമ്മേളനത്തിനോടൊപ്പം അണിയറയിൽ ഒരുക്കുന്നുണ്ട്.കൂടാതെ നമ്മുടെ നാടിന്റെയും പാരമ്പര്യങ്ങളുടെയും ഗൃഹാതുരത്വം വിളിച്ചോതുന്ന സ്വാദിഷ്ടമായ രുചി ആസ്വദിക്കുവാനായി സ്നേഹവിരുന്ന് നാടൻ ഭക്ഷണശാലയും അണിയിച്ചൊരുക്കുന്നുണ്ട്.സമാപനസമ്മേളനത്തിൽ പങ്കാളികളാകുവാനായി എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.